kaumudy-news-headlines

കണ്ണൂർ: പ്രവാസി വ്യവസായി പാറയിൽ സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആന്തൂർ നഗരസഭാ ചെയർപേഴ്സൺ പി.കെ. ശ്യാമളയ്‌ക്കും സസ്‌പെൻഡ് ചെയ്ത നാല് ഉദ്യോഗസ്ഥർക്കും എതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിന് കേസെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. സാജന്റെ ബന്ധുക്കൾ ഇന്നലെ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നാണ് സൂചന. ഇന്നലെ പൊലീസിന് നൽകിയ മൊഴിയിലും ശ്യാമളയ്ക്കെതിരായ പരാതിയിൽ ഇവർ ഉറച്ചു നിന്നു.

താൻ ഈ കസേരയിൽ ഇരിക്കുന്നിടത്തോളം കെട്ടിടനമ്പർ അനുവദിക്കില്ലെന്നും കൺവെൻഷൻ സെന്റർ ഒരു സ്വപ്നമായി കണ്ടാൽ മതിയെന്നും ശ്യാമള പറഞ്ഞിരുന്നെന്ന് സാജൻ, ഭാര്യയോടും അടുത്ത സുഹൃത്തുക്കളോടും സൂചിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയെന്നാണ് സൂചന.

സംഭവത്തിൽ നാല് നഗരസഭാ ജീവനക്കാരെ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ സസ്‌പെൻഡ് ചെയ്‌തെങ്കിലും വിഷയത്തിൽ കടുംപിടിത്തം കാട്ടിയത് നഗരസഭ അദ്ധ്യക്ഷ പി.കെ. ശ്യാമളയായിരുന്നു എന്നാണ് ബന്ധുക്കൾ ഉറപ്പിച്ച് പറയുന്നത്. ഈ ആരോപണം പാർട്ടിയെ വല്ലാതെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

നഗരസഭയെയും ഉദ്യോഗസ്ഥരെയും സംരക്ഷിച്ചുകൊണ്ട് ശ്യാമള നടത്തിയ വാർത്താസമ്മേളനവും വിവാദമായി. ഇത് തള്ളിയാണ് മന്ത്രി ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്‌തത്. സാജന് പുറമെ മറ്റു ചിലർക്കും ശ്യാമളയിൽ നിന്ന് ദുരനുഭവമുണ്ടായതായും വെളിപ്പെട്ടിട്ടുണ്ട്.

സാജന്റെ കൺവെൻഷൻ സെന്ററിന്റെ കാര്യം പാർട്ടിയുടെ നഗരസഭാ സബ് കമ്മിറ്റിയിൽ അജൻഡയായി വരുമ്പോഴൊക്കെ ശ്യാമള ശക്തമായി എതിർത്തിരുന്നതായി സൂചനയുണ്ട്.