കാസർകോട്: കുറ്റപത്രത്തോടൊപ്പം പ്രതികൾക്ക് നൽകരുതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ട 'അതീവ രഹസ്യ' മൊഴിയുടെ പകർപ്പും ഫോൺ കോൾ വിവരങ്ങളും ആവശ്യപ്പെട്ട് പ്രതിഭാഗം രംഗത്തെത്തി.പെരിയ ഇരട്ടക്കൊലക്കേസിലെ മുഴുവൻ പ്രതികളെയും റിമാൻഡ് കാലാവധി നീട്ടാൻ ഹൊസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്)യിൽ ഹാജരാക്കിയപ്പോഴായിരുന്നു പ്രതിഭാഗം വക്കീൽ രഹസ്യമൊഴിയുടെ പകർപ്പ് അനുവദിക്കണമെന്ന് കോടതിയിൽ വാദിച്ചത്.
കുറ്റപത്രത്തിലെ രണ്ടു സാക്ഷികളുടെ മൊഴി പുറത്തറിയരുതെന്ന് കാണിച്ച് ക്രൈംബ്രാഞ്ച് ഹർജി നൽകിയിരുന്നു. ക്രൈംബ്രാഞ്ചിന്റെ ഹർജി പരിഗണിച്ച് സാക്ഷികളുടെ മൊഴി വിവരം ഒഴിവാക്കിയാണ് കുറ്റപത്രത്തിന്റെ പകർപ്പ് പ്രതികൾക്ക് നൽകിയത്.
പതിമൂന്നാം പ്രതി സി.പി.എം പെരിയ ലോക്കൽ സെക്രട്ടറി എൻ. ബാലകൃഷ്ണൻ, പതിനാലാം പ്രതി ഉദുമ ഏരിയ സെക്രട്ടറി കെ. മണികണ്ഠൻ എന്നിവർക്കു വേണ്ടി ഫോൺ കോൾ രജിസ്റ്ററും ആവശ്യപ്പെട്ടു. ഇതോടൊപ്പം മറ്റു പല രേഖകളും കിട്ടിയിട്ടില്ലെന്നും ഇതെല്ലാം നൽകണമെന്നും കോടതിയിൽ പ്രതിഭാഗം വാദിച്ചു.
ഇതിനെ തുടർന്ന് കോടതി കേസ് വീണ്ടും 28 ലേക്ക് മാറ്റി. 8ാം പ്രതി പാക്കം വെളുത്തോളിയിലെ എ.സുബീഷ്, 13ാം പ്രതി സി.പി.എം പെരിയ ലോക്കൽ സെക്രട്ടറി എൻ. ബാലകൃഷ്ണൻ, 14ാം പ്രതി ഉദുമ ഏരിയ സെക്രട്ടറി കെ മണികണ്ഠൻ എന്നിവർ നേരത്തെ കോടതിയിൽ ഹാജരായി കുറ്റപത്രത്തിന്റെ പകർപ്പ് കൈപ്പറ്റിയിരുന്നു. മറ്റു പ്രതികൾക്ക് വ്യാഴാഴ്ച കോടതി കുറ്റപത്രത്തിന്റെ പകർപ്പ് നൽകി.
മേയ് 20 നാണ് ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി പി.എം. പ്രദീപ് കുറ്റപത്രം സമർപ്പിച്ചത്.
ഇതിനിടെ ഇരട്ട കൊലപാതക കേസിലെ പ്രതികളെ കോടതിയിൽ ഹാജരാക്കുന്നതറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും കോടതിയിലെത്തി. കോടതി വരാന്തയിൽ ബന്ധുക്കളുമായി പ്രതികൾ ആശയ വിനിമയം നടത്തി. ഇതിനിടെ തങ്ങളുടെ മക്കൾക്ക് കൊലയിൽ പങ്കില്ലെന്നവാദവുമായി ചില ബന്ധുക്കൾ രംഗത്തെത്തി. കൊലയ്ക്ക് പിന്നിൽ മറ്റാരോ ഉണ്ടെന്നാണ് ഇവരുടെ ആരോപണം.
നിരീക്ഷണത്തിലുള്ള മൂന്നുപേർക്കും
ഡിഫ്ത്തീരിയ ഇല്ലെന്ന് സ്ഥിരീകരിച്ചു
കാസർകോട്: ഈസ്റ്റ് എളേരി ചിറ്റാരിക്കാലിൽ ഡിഫ്‌ത്തീരിയ ബാധിച്ച് ഒരാൾ മരിച്ചതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലുള്ള മൂന്നു പേർക്കും ഡിഫ്‌ത്തീരിയ ഇല്ലെന്ന് സ്ഥിരീകരിച്ചു. ഇവരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നും അറിയിച്ചു.