കണ്ണൂർ: ആത്മഹത്യ ചെയ്‌ത പ്രവാസി സാജന്റെ കെട്ടിടത്തിന് നമ്പർ നൽകാതിരിക്കാൻ ഉദ്യോഗസ്ഥർ ഗുരുതരമായ അലംഭാവം കാണിച്ചെന്നും അപേക്ഷകൾ ആഴ്ചകളോളം പൂഴ്‌ത്തിവച്ചെന്നും ആന്തൂർ നഗരസഭയിൽ ഉന്നത ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.
സാജന്റെ ഭാര്യാപിതാവ് പുരുഷോത്തമൻ ഏപ്രിൽ 12ന് സമർപ്പിച്ച കംപ്ളീഷൻ പ്ളാനിന് 29നാണ് മറുപടി നൽകിയത്. പ്ളാനിൽ മാറ്റം വരുത്തി വീണ്ടും സമർപ്പിക്കണമെന്നായിരുന്നു നിർദ്ദേശം. ഇതനുസരിച്ച് ന്യൂനതകൾ പരിഹരിച്ച് ജൂൺ 2ന് വീണ്ടും സമർപ്പിച്ചു. പിറ്റേന്ന് നഗരസഭാ സെക്രട്ടറി എം.കെ. ഗിരീഷ് ഓഡിറ്റോറിയം മാനേജരെ വിളിച്ച് പ്ളാൻ മനസിലാകുന്നില്ലെന്നും സോഫ്റ്റ് കോപ്പി അയയ്‌ക്കാമോ എന്നും ചോദിച്ചു. സോഫ്റ്റ് കോപ്പി അയച്ചപ്പോൾ കമ്പ്യൂട്ടറിൽ ഓപ്പൺ ആകുന്നില്ലെന്നായിരുന്നു മറുപടി. ജൂൺ 3ന് ഫയൽ പി.ഡി.എഫ് ആക്കി സി.ഡിയിൽ സമർപ്പിച്ചു. ജൂൺ 17 വരെ ഒരു നടപടിയും നഗരസഭ സ്വീകരിച്ചില്ല. സാജൻ മരിച്ചതിന് ശേഷം ഫയലിൽ ചില കുറിപ്പുകൾ എഴുതിയതായും കണ്ടെത്തി.
ഉത്തരമേഖലാ നഗരകാര്യ റീജിയണൽ ജോയിന്റ് ഡയറക്ടർ കെ. വിനയന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.