ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് പ്ലാപ്പറമ്പനെ പുറത്താക്കി
ജെറ്റോ ജോസഫ് പുതിയ പ്രസിഡന്റ്
കാഞ്ഞങ്ങാട്: കേരള കോൺഗ്രസ് ചെയർമാൻ കെ.എം.മാണിയുടെ നിര്യാണത്തെത്തുടർന്ന് ചെയർമാൻ പദവി വഹിക്കുന്ന വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫിന്റെ അനുമതി ഇല്ലാതെ കോട്ടയത്ത് ജോസ് കെ.മാണിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ പങ്കെടുക്കുകയും കാസർകോട് ജില്ലയിൽ ഗ്രൂപ്പ് യോഗങ്ങൾ സംഘടിപ്പിക്കുകയും ചെയ്ത കേരള കോൺഗ്രസ് കാസർകോട് ജില്ല പ്രസിഡന്റ് കുര്യാക്കോസ് പ്ലാപ്പറമ്പലിനെ തൽസ്ഥാനത്തു നിന്നും പുറത്താക്കാൻ കാഞ്ഞങ്ങാട് ചേർന്ന കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ജെറ്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം ജോർജ്ജ് പൈനാപ്പള്ളി അധ്യക്ഷത വഹിച്ചു.
ത്രിതല പഞ്ചായത്ത് അംഗങ്ങളായ മാത്യു മാരൂർ, ബ്ലോക്ക് പഞ്ചായത്തംഗം രഞ്ജിത്ത് പുളിയക്കാടൻ, യൂത്ത് ഫ്രണ്ട്(എം) ജില്ലാ പ്രസിഡന്റ് സിജി കട്ടക്കയം, യൂത്ത് ഫ്രണ്ട് (എം) ജില്ലാ വൈസ് പ്രസിഡന്റ് റ്റിമ്മി എലിപ്പുലിക്കാട്ട്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കുര്യാച്ചൻ കവലവഴി, ജോസ് നാഗനോലിൽ, കുര്യാച്ചൻ പുളിക്കപ്പടവിൽ, ഷോബി പാറേക്കാട്ടിൽ, ജോസ് കാവുങ്കൽ എന്നിവർ സംസാരിച്ചു. പി.ജെ.ജോസഫിനും സി.എഫ്.തോമസിനും ജില്ലാ കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു.
പുതിയ ജില്ലാ പ്രസിഡന്റായി ജെറ്റോ ജോസഫിനെ തിരഞ്ഞെടുത്തു. ചെയർമാൻ സി.എഫ്. തോമസിന്റെയും വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫിന്റെയും സാന്നിധ്യത്തിൽ വിപുലമായ ജില്ലാ കൺവൻഷൻ നടത്തുവാനും യോഗം തീരുമാനിച്ചു.