കാസർകോട് : റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്റെ സാന്നിധ്യത്തിൽ എൻഡോസൾഫാൻ സെൽ യോഗ തീരുമാനം അട്ടിമറിക്കാൻ ഉദ്യോഗസ്ഥ തലത്തിൽ നീക്കം നടത്തുന്നതായി ആരോപണം. ജൂൺ 25 മുതൽ ജൂലായ് 9 വരെ എൻഡോസൾഫാൻ ദുരിത ബാധിതർക്ക് നടത്താൻ തീരുമാനിച്ച മെഡിക്കൽ ക്യാമ്പുകൾ വികലമാക്കാൻ ഉദ്യോഗസ്ഥ തലത്തിൽ ശമം നടക്കുന്നുവെന്നും പറയപ്പെടുന്നു.

2017 ലെ ഹർത്താൽ ദിനത്തിൽ നടന്ന ക്യാമ്പിൽ പങ്കെടുക്കാൻ കഴിയാതിരുന്ന ദുരിത ബാധിതർക്ക് വേണ്ടിയാണ് പുതിയ ക്യാമ്പ്. ക്യാമ്പിൽ മറ്റുള്ളവർക്കും പങ്കെടുക്കാമെന്ന് കളക്ടർ ഡോ. ഡി. സുജിത് ബാബു യോഗത്തിൽ അറിയിച്ചിരുന്നു. എന്നാൽ ക്യാമ്പ് ഭിന്നശേഷിക്കാർക്ക് മാത്രമുള്ളതാണെന്നാണ് സെല്ലിന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥർ പറയുന്നത്. ജില്ലയിലെ ഭിന്നശേഷിക്കാർ അക്ഷയ കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്യണമെന്നും പറഞ്ഞിരുന്നു. മൂവായിരത്തോളം ഭിന്നശേഷിക്കാർ ജില്ലയിലുണ്ടെന്നാണ് കണക്ക്. ദുരിത ബാധിതരുടെ വിവരം മുഴുവൻ കംപ്യൂട്ടറിൽ ശേഖരിച്ചിട്ടുണ്ട്. പിന്നെന്തിനാണ് പുതിയ രജിസ്‌ട്രേഷൻ എന്നാണ് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി പ്രസിഡന്റും സെൽ അംഗവുമായ മുനീസ അമ്പലത്തറ ചോദിക്കുന്നത്. വൈകല്യം കുറഞ്ഞിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് പുതിയ രജിസ്ട്രേഷൻ എന്നാണ് അവർക്ക് ലഭിച്ച മറുപടി.

എൻഡോസൾഫാൻ ദുരിത ബാധിതരുടെ പേരുപറഞ്ഞ് നിലവിലുള്ള ദുരിത ബാധിതരെ കഷ്ടപ്പെടുത്താനുള്ള നീക്കമാണ് ഭരണതലത്തിൽ നടക്കുന്നതെന്നാണ് ആരോപണം. കാസർകോട്ടെ ആരോഗ്യ പ്രശ്‌നങ്ങൾ എൻഡോസൾഫാൻ കൊണ്ടാണെന്ന് ഉറപ്പ് പറയാൻ കഴിയില്ലെന്ന് കളക്ടർ പറഞ്ഞത് വിവാദമായിരുന്നു. ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ ദുരിത ബാധിതർക്ക് എതിരെ വലിയ ഗൂഢാലോചന നടക്കുന്നതിന്റെ ലക്ഷണങ്ങൾ വ്യക്തമാവുന്നുണ്ട്.