കണിച്ചാർ: മടപ്പുരച്ചാൽ അണുങ്ങോട് മേഖലകളിലുണ്ടായ കാട്ടാന ആക്രമണത്തിൽ വ്യാപകമായി കൃഷിനാശം.ജനവാസ കേന്ദ്രത്തിലിറങ്ങിയ ആന ഇരുനൂറിലധികം വാഴകളും തെങ്ങ്, കവുങ്ങ്, കശുമാവ് തുടങ്ങിയ കാർഷിക വിളകളും വ്യാപകമായി നശിപ്പിച്ചു.

വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് മടപ്പുരച്ചാൽ കണയാമ്മാക്കൽ മാണിയുടെ കൃഷിയിടത്തിൽ കാട്ടാനയെത്തി നാശം വിതച്ചത്.നൂറിലധികം വാഴകളാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്.സമീപത്തെ മുണ്ടപ്ലാക്കൽ ഉല്ലാസിന്റെ 50 ഓളം വാഴകളും കാട്ടാന നശിപ്പിച്ചു.കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ തുടർച്ചയായി ഈ പ്രദേശങ്ങളിൽ കാട്ടാനയിറങ്ങി കാർഷിക വിളകൾ ചവിട്ടിമെതിച്ച് നശിപ്പിക്കുകയാണ്. വെള്ളിയാഴ്ച പുലർച്ചെ 4 മണിയോടെയാണ് പനച്ചിക്കൽ തങ്കച്ചന്റെ കൃഷിയിടത്തിൽ എത്തിയ കാട്ടാന 50 ഓളം വാഴകൾ നശിപ്പിച്ചു. പ്രദേശത്തെ നിരവധി കർഷകരുടെ കൃഷിയിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലിറങ്ങിയ കാട്ടാനക്കൂട്ടം കനത്ത നാശനഷ്ടമാണ് വരുത്തിവെച്ചത്.

സന്ധ്യ കഴിഞ്ഞാൽ ഓടംതോട് അണുങ്ങോട് മടപ്പുരച്ചാൽ പ്രദേശങ്ങളിലുള്ളവർക്ക് സ്വൈര്യമായി പുറത്തിറങ്ങി സഞ്ചരിക്കാൻ പോലും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. വനം വകുപ്പ് അധികൃതർ കാട്ടാനയെ തുരത്തിയെങ്കിലും മണിക്കൂറുകൾക്കുള്ളിൽ അവ മടങ്ങിയെത്തിയെന്നാണ് പ്രദേശവാസികൾ പറയുന്നത്. കാട്ടാനയുടെ ആക്രമണത്തിൽ നിന്നും കർഷകരെ രക്ഷിക്കാൻ വനം വകുപ്പ് സ്വീകരിക്കുന്ന നടപടികൾ അപര്യാപ്തമാകുമ്പോൾ തങ്ങളുടെ ജീവനും സ്വത്തിനും ശാശ്വതമായ സംരക്ഷണം ഇനിയെന്നാണുണ്ടാവുകയെന്ന ആശങ്കയിലാണ് ഈ പ്രദേശങ്ങളിലുള്ള കർഷകർ.