മട്ടന്നൂർ: വിമാനത്താവളത്തോട് ചേർന്നുള്ള കല്ലേരിക്കര വയലാട്ടിലെ വീട്ടുകാർ ദുരിതത്തിൽ. മഴയിൽ വിമാനത്താവള പ്രദേശത്തു നിന്ന് ചെളിയും വെള്ളവും കുത്തിയൊഴുകി കിണറുകൾ മലിനമായി. കനത്ത മഴയിൽ ആകെയുള്ള റോഡിലൂടെ ചെളിവെള്ളം കുത്തിയൊഴുകി ഗതാഗതം ദുസഹമാവുകയാണ്. വയലാട്ടിൽ ഭാഗത്തെ 19 വീട്ടുകാരാണ് രണ്ടു വർഷമായി ദുരിതമനുഭവിക്കുന്നത്.
വിമാനത്താവളത്തിന്റെ റൺവേയ്ക്കായി മണ്ണിട്ട് ഉയർത്തിയതിന്റെ തൊട്ടുതാഴെയാണ് ഈ വീടുകളുള്ളത്. ഒരു ഭാഗത്ത് റൺവേയ്ക്കായും മറുഭാഗത്ത് അപ്രോച്ച് ലൈറ്റിനായും മണ്ണിട്ട് ഉയർത്തിയതോടെ കുഴിയിൽ ഒറ്റപ്പെട്ട അവസ്ഥയിലാണ് ഇവിടത്തെ വീട്ടുകാർ.
കിണറുകളിലെ വെള്ളം ചെളി കലർന്ന് ഉപയോഗശൂന്യമായിരിക്കുകയാണ്. ആകെയുള്ള റോഡിൽ മഴ തുടങ്ങിയാൽ വെള്ളം കയറി ഗതാഗതം അസാധ്യമാകുമെന്ന് ഇവർ പറയുന്നു. ഇതിൽ 10വീട്ടുകാർ വിമാനത്താവള പദ്ധതിയുടെ ഭാഗമായി പുനരധിവസിപ്പിക്കപ്പെട്ടവരാണ്.
തങ്ങളുടെ കൂടി വീടും സ്ഥലവും ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് വയലാട്ടിലെ നാട്ടുകാർ മുമ്പ് ലൈറ്റ് അപ്രോച്ചിന്റെ പണി തടസപ്പെടുത്തി സമരം നടത്തിയിരുന്നു. മന്ത്രി ഇ.പി. ജയരാജൻ ഉൾപ്പടെ ഇവിടം സന്ദർശിക്കുകയും സ്ഥലം ഏറ്റെടുക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തതാണെന്ന് വീട്ടുകാർ പറയുന്നു. മുഖ്യമന്ത്രിക്ക് അടക്കം പലതവണ നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല. പി.ഗംഗാധരൻ, പി.സൗമിനി, ബീന അശോകൻ, ഡി.സിറാജ് തുടങ്ങിയവരുടെ വീട്ടുകിണറുകളിലാണ് ചെളി നിറഞ്ഞ് ദുരിതമനുഭവിക്കുന്നത്.