പാനൂർ:വാഹനം തടഞ്ഞു നിറുത്തി പണം കവർന്ന കേസിൽ രണ്ടു പേർ അറസ്റ്റിൽ. പാലക്കൂൽ കണ്ണൻ പീടികയിൽ ഈരായിന്റവിടെ സുബീഷ് (30), മൊട്ടെമ്മൽ കുനിയിൽ ആഷിഖ് (23)എന്നിവരെയാണ് പാനൂർ പൊലിസ് അറസ്റ്റു ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു മട്ടന്നൂർ സ്വദേശിയടക്കം നാലു പേർ കസ്റ്റഡിയിലുമുണ്ട്. പാനൂർ വൈദ്യർ പീടികയിൽ നിന്ന് എലാങ്കോട്ടേക്ക് പോകുന്ന റോഡിൽ കഴിഞ്ഞ 12 ന് വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം. കോഴിക്കോട് കൊടുവള്ളി സ്വദേശിയായ പുല്ലോറമ്മൽ ഷമീറിന്റെ വാഹനം തടഞ്ഞുവെച്ച ശേഷം ഭീഷണിപ്പെടുത്തുകയും കച്ചവട ആവശ്യത്തിനായി കൊണ്ടു പോവുകയായിരുന്ന പണം കവർന്നെടുക്കുകയുമാണുണ്ടായത്. കഴിഞ്ഞ ദിവസം പരിസര പ്രദേശമായ പാലക്കൂലിലും സമാനമായ രീതിയിൽ പണം തട്ടിപ്പറിച്ചെന്നു കാണിച്ച് അബ്ദുറഹിമാൻ എന്നയാളും പരാതി നൽകിയിരുന്നു. രണ്ടു സംഭങ്ങളിലുമായി 10 ലക്ഷം രൂപയോളം കവർന്നതായാണ് സൂചന. പ്രതികളുടെ വീടുകളിൽ തലശേരി ഡിവൈ.എസ് പി കെവി വേണുഗോപാൽ, പാനൂർ സർക്കിൾ ഇൻസ്‌പെക്ടർ ടിപി ശ്രീജിത്ത്, സബ് ഇൻസ്‌പെക്ടർ സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തി.പ്രതികളെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.