കാസർകോട്: കാലപ്പഴക്കത്താൽ അപകടാവസ്ഥയിലായ കാസർകോട് താലൂക്ക് സപ്ലൈ ഓഫീസ് കെട്ടിടത്തിന്റെ സീലിംഗ് അടർന്നുവീണെങ്കിലും തലനാരിഴയ്ക്ക് ജീവനക്കാർ രക്ഷപ്പെട്ടു.
ഇന്നലെ രാവിലെ ഓഫീസ് തുറന്ന ഉടനെയായിരുന്നു സംഭവം. കാലപ്പഴക്കത്താൽ ഓഫീസിലെത്തുന്ന നൂറുകണക്കിന് ആളുകളുടെ ജീവനും അപകടത്തിലാണ്. ഡി.ഇ.ഒ ഓഫീസ്, സ്റ്റാറ്റിസ്റ്റിക്‌സ്, ജില്ലാ ടൂറിസം ഓഫീസ് എന്നിവയും ഈ കെട്ടിടത്തിൽ തന്നെയാണ് പ്രവർത്തിക്കുന്നത്.
പൊളിച്ചുമാറ്റാനുള്ള കെട്ടിടം എന്ന നിലയിൽ പി.ഡബ്‌ള്യു.ഡി അറ്റകുറ്റപ്പണിക്കുള്ള അനുമതി നൽകുന്നില്ല. റിപ്പയറിംഗിനുള്ള തുകയും അനുവദിക്കുന്നില്ല. ഓഫീസുകൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയോ പഴയ കെട്ടിടം പുതുക്കിപ്പണിയുകയോ ചെയ്യണമെന്നാണ് ജീവനക്കാർ പറയുന്നത്.
പടം.. നിലംപതിച്ച സപ്ലൈ ഓഫീസ് കെട്ടിടത്തിന്റെ തേപ്പ് കട്ടകൾ
വായന മനുഷ്യകുലത്തിന്റെ പുരോഗതി
സാധ്യമാക്കി: കൽപ്പറ്റ നാരായണൻ
കാസർകോട്: നിത്യമായ മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുന്ന പ്രാപഞ്ചിക പ്രതിഭാസങ്ങളെ വായിക്കാൻ ആരംഭിച്ചതിലൂടെയാണു മനുഷ്യകുലത്തിന്റെ പുരോഗതി സാധ്യമായതെന്നും വായന മരിക്കുന്നതിലൂടെ നമ്മുടെ മാനസിക വ്യാപാരങ്ങൾ നിശ്ചലമാവുമെന്നും കവിയും പ്രഭാഷകനുമായ കൽപ്പറ്റ നാരായണൻ പറഞ്ഞു. വായനാ പക്ഷാചരണത്തിന്റെ ഭാഗമായി സിവിൽ സ്റ്റേഷനിലെ അക്ഷര ലൈബ്രറി കളക്ടറേറ്റ് മിനികോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച വായനയുടെ ചരിത്രപഥം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ചടങ്ങ് ജില്ലാ കളക്ടർ ഡോ. ഡി. സജിത്ത് ബാബു ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കളക്ടർ (ഇലക്ഷൻ) പി.വി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ, പ്രസ് ക്ലബ് പ്രസിഡന്റ് ടി.എ ഷാഫി, കവിമാരായ ദിവാകരൻ വിഷ്ണുമംഗലം, രവീന്ദ്രൻ പാടി, കവിയും നാടകകൃത്തുമായ പത്മനാഭൻ ബ്ലാത്തൂർ, കഥാകൃത്ത് ഗോവിന്ദൻ രാവണീശ്വരം, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. ദാമോദരൻ, അക്ഷര ലൈബ്രറി പ്രസിഡന്റ് സതീശൻ പൊയ്യക്കോട്, സെക്രട്ടറി ബി. സുജേഷ് തുടങ്ങിയവർ സംബന്ധിച്ചു.
ഫോട്ടോ
ജില്ലാ കളക്ടറേറ്റിലെ അക്ഷര ലൈബ്രറി വായനാ പക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ കവി കൽപ്പറ്റ നാരായണൻ പ്രഭാഷണം നടത്തുന്നു.