കാസർകോട്: ഗതാഗത നിയമലംഘനകൾ തടയുന്നതിന്റെ ഭാഗമായി ജൂലായ് ഒന്നു മുതൽ ആറുവരെയും 15 മുതൽ 20 വരെയും ഉപ്പള ഗേറ്റിന് സമീപവും പടന്നക്കാട് പാലത്തിലും സംയുക്തവാഹന പരിശോധന നടത്തും. കളക്ടറുടെ ചേംബറിൽ ജില്ലാ കളക്ടർ ഡോ. ഡി. സജിത്ബാബുവിന്റെ അധ്യക്ഷതയിൽ നടത്ത ജില്ലാ റോഡ് സേഫ്റ്റി കൗൺസിൽ യോഗത്തിലാണ് തീരുമാനം.
പൊലീസ്, മോട്ടോർ വാഹന, റവന്യൂ, എക്‌സൈസ് വകുപ്പുകൾ സംയുക്തമായി നടത്തുന്ന പരിശോധന 24 മണിക്കൂറും ഉണ്ടാകും. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ പിഴ ഈടാക്കുന്നതോടൊപ്പം ബോധവത്ക്കരണ ക്ലാസ് നൽകുവാനും യോഗത്തിൽ തീരുമാനമായി. മംഗലാപുരത്തു നിന്നും വരുന്ന കർണാടക ട്രാൻസ്‌പോർട്ട് വാഹനങ്ങൾ രാത്രി ഏഴു മുതൽ രാവിലെ ഒൻപതു വരെ പഴയ ബസ് സ്റ്റാൻഡ് വഴി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ പ്രവേശിക്കണം. കാഞ്ഞങ്ങാട് നഗരസഭയിൽ നടപ്പാക്കിയതുപോലെ ഓട്ടോറിക്ഷകൾക്ക് സിറ്റി ലിമിറ്റിൽ പെർമിറ്റ് അനുവദിക്കാൻ കാസർകോട് നഗരസഭയ്ക്ക് നിർദേശം നൽകി. ജില്ലയിലെ പ്രധാന റോഡുകളിൽ പേയ്ഡ് പാർക്കിഗ് സംവിധാനം ഏർപ്പെടുത്തും.
യോഗത്തിൽ ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ്, ജോയിന്റ് ആർ.ടി.ഒ എ.സി ഷീബ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ടി.ടി അരുൺ, പി.ഡബ്ല്യു.ഡി എക്‌സിക്യുട്ടീവ് എഞ്ചിനീയർ കെ.പി വിനോദ് കുമാർ, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ടി. വൈകുണ്ഠൻ, എൻ.എച്ച് അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയർ സി.ജെ കൃഷ്ണൻ, കെ.എസ്.ടി.പി സീനിയർ അഡ്മിനിട്രേറ്റീവ് ഓഫീസർ പി.പി വേണുനായർ, നഗരസഭാ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ഒളിമ്പിക്‌സ് ദിനാഘോഷത്തിന് തുടക്കം
ദീപശിഖാ റിലേ ഇന്ന്
കാലിക്കടവ്: ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ ഒളിമ്പിക്‌സ് ദിനാഘോഷത്തിന് തുടക്കമായി. ദിനഘോഷത്തിന്റെ ഭാഗമായി പിലിക്കോട് കാലിക്കടവ് മൈതാനിയിൽ സംഘടിപ്പിച്ച കായിക മത്സരങ്ങൾ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അംഗം ടി.വി ബാലൻ അധ്യക്ഷത വഹിച്ചു.
തുടർന്ന് ബാസ്‌ക്കറ്റ് ബാൾ, വുഷു, കളരിപ്പയറ്റ്, ഫുട്‌ബാൾ, വോളിബാൾ തുടങ്ങിയ കായികമത്സരങ്ങൽ നടന്നു. ഒളിമ്പിക്‌സ് ദിനാഘോഷത്തിന്റെ ഭാഗമായി ഇന്നുരാവിലെ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യു.പി, ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് ഒളിമ്പിക്‌സ് ക്വിസ് മത്സരം സംഘടിപ്പിക്കും. രാവിലെ 9ന് തൃക്കരിപ്പൂർ ബസ് സ്റ്റാൻഡ് പരിസരത്തുനിന്നും ഒളിമ്പിക് ദീപശിഖ റിലെ എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ദീപശിഖ മുൻ ഇന്ത്യൻതാരം എം.സുരേഷ് ഏറ്റുവാങ്ങും. വൈകിട്ട് അഞ്ചിനു കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തു സമാപിക്കും.
പടം ...ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ ഒളിമ്പിക്‌സ് ദിനാഘോഷത്തിന്റെ ഭാഗമായി കാലിക്കടവ് മൈതാനിയിൽ സംഘടിപ്പിച്ച കായിക മത്സരങ്ങൾ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു.