കണ്ണൂർ: കണ്ണൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബി.ജെ.പി സംഘം ഗവർണറെ കാണും. ഒ.രാജഗോപാൽ, പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ എന്നിവരടങ്ങിയ സംഘം ഗവർണറെ കണ്ട് നിവേദനം നൽകാൻ ഇന്നലെ ചേർന്ന പാർട്ടി നേതൃയോഗം തീരുമാനിച്ചു.
കോൺഗ്രസിൽ നിന്ന് പുറത്തായ എ.പി. അബ്ദുള്ളക്കുട്ടിയെ ബി.ജെ.പിയിൽ ചേർക്കുന്നതുമായി ബന്ധപ്പെട്ട് നേതൃയോഗത്തിൽ ചർച്ചയുണ്ടായില്ല. അതേസമയം, അബ്ദുള്ളക്കുട്ടി കത്തു നൽകിയാൽ ആലോചിക്കാമെന്ന നിലപാടിലാണ് നേതൃത്വം.
ദേശീയ രാഷ്ട്രീയത്തിലെ പ്രവണതകൾക്കനുസൃതമായി സംസ്ഥാനത്തെ രാഷ്ട്രീയസ്ഥിതി മാറ്റിയെടുക്കാൻ സാഹചര്യമുണ്ടെന്നും അംഗത്വ പ്രചാരണം വഴി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണമെന്നും സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. സ്റ്റാലിന്റെ പിൻമുറക്കാരാണ് സംസ്ഥാനത്ത് വികസനം മുടക്കുന്നത്. ആന്തൂർ സംഭവം മലയാളിയുടെ കണ്ണു തുറപ്പിക്കേണ്ടതാണ്. ബി.ജെ.പിയുടെ പൂർണ പിന്തുണ സാജന്റെ കുടുംബത്തിനുണ്ടാകും. കളി കഴിഞ്ഞ് ആശാനും വിളക്കും മാത്രമായതു പോലെയാണ് സി.പി.എമ്മിന്റെ അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.
അഖിലേന്ത്യാ സഹ.സംഘടനാ സെക്രട്ടറി ബി.എൽ.സന്തോഷ്, ഒ.രാജഗോപാൽ, കുമ്മനം രാജശേഖരൻ, സി.കെ.പത്മനാഭൻ, ശോഭാ സുരന്ദ്രൻ, എ.എൻ.രാധാകൃഷ്ണൻ, എം.ടി.രമേശ്, കെ.സുരേന്ദ്രൻ, എം.ഗണേശ്, കെ.സുഭാഷ് എന്നിവർ പങ്കെടുത്തു.