തൃക്കരിപ്പൂർ: കാൽനട യാത്രക്കാർക്കടക്കം അപകട ഭീഷണി ഉയർത്തിയ ചൊവ്വേരി മുക്കിലെ പാതിതകർന്ന പഴഞ്ചൻ കെട്ടിടം പൊളിക്കാൻ തുടങ്ങി. അപകട സാധ്യത ഉള്ള ഈ കെട്ടിടത്തെക്കുറിച്ച് കേരളകൗമുദി കഴിഞ്ഞ 9ന് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ചൊവ്വേരി ട്രാഫിക് സിഗ്‌നലിന് തൊട്ട് തൃക്കരിപ്പൂർ നഗരത്തിലേക്കുള്ള പാതയോരത്താണ് അരനൂറ്റാണ്ട് പഴക്കമുള്ള കെട്ടിടം മേൽക്കൂര തകർന്ന നിലയിൽ ഉണ്ടായിരുന്നത്. കാലവർഷം വന്നതോടെ ചുവരുകൾ കുതിർന്ന് അപകട സാധ്യത വർദ്ധിച്ചിരുന്നു. വിദ്യാർത്ഥികളടക്കം ധാരാളം യാത്രക്കാർ ആശ്രയിക്കുന്ന പാതയോരത്താണ് തകർച്ച നേരിടുന്ന കെട്ടിടം സ്ഥിതി ചെയ്തിരുന്നത്. ഇന്നലെ മുതൽ ഇതിന്റെ മര ഉരുപ്പടികളും ഓടുകളും നീക്കം ചെയ്തു തുടങ്ങി. ഖാദി ബോർഡിന്റെ മുൻ നൂൽനൂൽപ്പ് കേന്ദ്രമായിരുന്നു ഈ കെട്ടിടം.