കണിച്ചാർ: ഓടംതോട് അണങ്ങോട് മടപ്പുരച്ചാൽ മേഖലയിൽ കാട്ടാനകളുടെ ആക്രമണം ഇന്നലെയും തുടർന്നു. പ്ലാച്ചേരികുഴിയിൽ മാത്യു, വള്ളിയിൽ ബാബു, പാൽ ബാബു എന്നിവരുടെ ഇരുനൂറിലധികം വാഴകളാണ് ഇന്നലെ പുലർച്ചെ ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാന നശിപ്പിച്ചത്.വെള്ളിയാഴ്ച കർഷകരുടെ കൃഷിയിടങ്ങളിലിറങ്ങി വ്യാപകമായി വിളവുകൾ നശിപ്പിച്ച കാട്ടാനകളെ വനപാലകർ തിരികെ കാട്ടിലേക്ക് തുരത്തിയെങ്കിലും ഇന്നലെ പുലർച്ചെ മടങ്ങിവന്ന ആനകളാണ് കൃഷിയിടങ്ങളിലിറങ്ങി നാശം വിതച്ചത്.
ഓടംതോട് മടപ്പുരച്ചാൽ അണങ്ങോട് മേഖലകളിലെ ജനങ്ങളെ ഒന്നടങ്കം അമ്പരപ്പിച്ചു കൊണ്ട് കാട്ടാനകൾ കൃഷിയിടങ്ങളിലിറങ്ങി നാശം വിതയ്ക്കുന്നത് ഇപ്പോൾ പതിവായിരിക്കുകയാണ്. ഇവയെ കാട്ടിലേക്ക് തുരത്താൻ പലവട്ടം അധികൃതർ ശ്രമിച്ചെങ്കിലും ആനകൾ ആറളം വനത്തിൽ നിന്നും പുഴ കടന്ന് ജനവാസ കേന്ദ്രത്തിലെത്തി യഥേഷ്ടം വിലസുകയാണ്.നിരന്തരമായി തുടരുന്ന കാട്ടാന ആക്രമണത്തിൽ നിസ്സഹായരായി വിറങ്ങലിച്ച് നിൽക്കാനേ പ്രദേശവാസികൾക്ക് കഴിയുന്നുള്ളു.
ശല്യമൊഴിവാകാൻ ആനമതിൽ പൂർത്തിയാകണം
കണ്ണൂർ :ആറളം ഫാം പുനരധിവാസ മേഖലയെയും ഫാമിനെയും കാട്ടാനയാക്രമണങ്ങളിൽ നിന്ന് രക്ഷിക്കുന്നതിനായി വനാതിർത്തിയിൽ 17 കിലോമീറ്ററിൽ ആനമതിൽ നിർമ്മിക്കുന്നതിനായി 27.25 കോടിയുടെ എസ്റ്റിമേറ്റ് ജില്ലാ ഭരണകൂടത്തിന് സമർപ്പിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടം എസ്റ്റിമേറ്റ് ചീഫ് സെക്രട്ടറിക്ക് കൈമാറി. ഊരാളുങ്കൽ സൊസൈറ്റിയാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്.നിലവിൽ 11 കിലോമീറ്ററിൽ ആനമതിൽ ഉൾപ്പെടുന്ന പ്രതിരോധ സംവിധാനമുണ്ട്.ഇവ നിലനിർത്തിക്കൊണ്ട് 17 കിലോമീറ്റർ നീളത്തിൽ മതിൽ നിർമ്മിക്കാനാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. കേളകം കൊട്ടിയൂർ പഞ്ചായത്തുകളുമായി വനാതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ നിർമ്മിച്ചിട്ടുള്ള ആനമതിൽ ഫലപ്രദമാണെന്ന് കണ്ടതിനെത്തുടർന്നാണ് ആറളത്തും ആനമതിൽ നിർമ്മിക്കാൻ ബന്ധപ്പെട്ടവർ തയ്യാറെടുക്കുന്നത്. ആനമതിൽ യാഥാർത്ഥ്യമാകുന്നതോടെ ഓടംതോട് അണങ്ങോട് മടപ്പുരച്ചാൽ പ്രദേശങ്ങളിലെ കർഷകർ ദീർഘകാലമായി അനുഭവിച്ചു വരുന്ന കാട്ടാന ശല്യത്തിന് ഇതോടെ പരിഹാരമാകും.