ramesh-chennithala

കണ്ണൂർ: ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഐ.ജിതല അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സാജന്റെ വീട് സന്ദർശിച്ചശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാളെ ഒരു പ്രവാസിക്കും ഇത്തരമൊരു ദുര്യോഗം ഉണ്ടാവരുത്. നിഷ്പക്ഷമായ അന്വേഷണമാണ് നടക്കേണ്ടത്. സ്വാധീനം ചെലുത്താനാവണം ഡിവൈ.എസ്.പിയെ അന്വേഷണമേല്പിച്ചതെന്ന് സംശയിക്കുന്നു. കണ്ണൂർ സി.പി.എമ്മിലെ വിഭാഗീയതയാണ് സാജന്റെ ആത്മഹത്യയ്ക്ക് പ്രേരകമായത്. ധാർഷ്ട്യം നിറഞ്ഞ നഗരസഭ ചെയർപേഴ്‌സൺ ശ്യാമളയാണ് കുറ്റവാളി. പ്രേരണാക്കുറ്റത്തിന് അവർക്കെതിരെ കേസെടുക്കുന്നതിനു പകരം സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. അത്‌ അംഗീകരിക്കാനാവില്ല. ചെയർപേഴ്‌സണെ അടിയന്തരമായി സ്ഥാനത്തുനിന്ന് നീക്കാനുള്ള ഇച്ഛാശക്തി പാർട്ടി കാണിക്കണമെന്നും ചെന്നിത്തല പറഞ്ഞു. കൺവെൻഷൻ സെന്ററിന് എത്രയും വേഗം അന്തിമാനുമതി നൽകണമെന്ന് മന്ത്രി എ.സി. മൊയ്തീൻ തനിക്ക്‌ ഉറപ്പുനൽകിയതായും ചെന്നിത്തല പറഞ്ഞു.

വീഴ്ച സംഭവിച്ചു എന്ന ഏറ്റുപറച്ചിൽ ആത്മഹത്യയിലേക്ക് എത്തിച്ചത് അവരാണെന്നതിന്റെ സൂചനയാണെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ പറഞ്ഞു. അതിനാൽ ശ്യാമളയ്ക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ.എം. ഷാജി എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.