കാസർകോട്: സ്വർണമേഖലയിലെ നികുതിവരുമാനം കുറവാണെന്ന ധനകാര്യ മന്ത്രിയുടെ നിയമസഭയിലെ പ്രസ്താവന തെറ്റിദ്ധാരണ പരത്തുന്നതാണെന്നും അദ്ദേഹം യാഥാർഥ്യം മനസിലാക്കണമെന്നും ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിവരാവകാശ നിയമ പ്രകാരം 2017-18 ൽ 394 കോടി രൂപ പിരിഞ്ഞുകിട്ടിയിട്ടുണ്ടെന്ന് ധനകാര്യ വകുപ്പ് കമ്മിഷണറുടെ കാര്യാലയം അറിയിച്ചിട്ടുണ്ട്. ഈ വർഷം ജൂണിൽ ലഭിച്ച കണക്കനുസരിച്ചു കഴിഞ്ഞ സാമ്പത്തിക വർഷം 327 കോടി നികുതി പിരിഞ്ഞു കിട്ടിയതായി വ്യക്തമാക്കിയിട്ടും ധനകാര്യ മന്ത്രി സ്വർണവ്യാപാരികളെ മുഴുവൻ നികുതി വെട്ടിപ്പുകാരായി മുദ്രകുത്തിയത് ശരിയായ നടപടിയല്ലെന്ന് ഭാരവാഹികൾ പറഞ്ഞു.
അതേസമയം അനധികൃതമായി സ്വർണം വിൽക്കുന്നവരെയും കള്ളക്കടത്തുകാരെയും തൊടാൻ നികുതി വകുപ്പ് തയ്യാറാകുന്നില്ലെന്നും നേതാക്കൾ ആരോപിച്ചു. ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ബി. ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ, ട്രഷറർ അഡ്വ. എസ്.അബ്ദുൾ നാസർ, രക്ഷാധികാരി ബി.ഗിരിരാജൻ, ജില്ലാ പ്രസിഡന്റ് എം.നാഗരാജ്, ജനറൽ സെക്രട്ടറി എം.വിനീത്, ജയചന്ദ്രൻ പള്ളിയമ്പലം, കെ.എം. ബാബുരാജ്, അരുൺ നായിക്ക് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.