കണ്ണൂർ:പുതിയ ജില്ലാ കളക്ടറായി ടി വി സുഭാഷ് തിങ്കളാഴ്ച ചുമതലയേൽക്കും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ പദവിയിൽ നിന്നാണ് കണ്ണൂർ ജില്ലാ കളക്ടറായി എത്തുന്നത്. 2007 ൽ ഡെപ്യൂട്ടി കളക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദ ധാരിയായ അദ്ദേഹം സർക്കാർ സർവ്വീസിൽ എത്തുന്നതിന് മുമ്പ് നിരവധി ദേശീയ, അന്തർ ദേശീയ സംഘടനകളുടെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്. 2003 ഐ.എ.എസ് ബാച്ചാണ്.
മൂന്നാർ ദൗത്യസംഘാംഗം, തലശ്ശേരി, തിരൂർ ആർ.ഡി.ഒ, കോട്ടയം എ.ഡി.എം എന്നിങ്ങനെ വിവിധ തസ്തികകളിലായി എട്ട് ജില്ലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് നിരീക്ഷകനായിരുന്നു. തൃശൂർ സ്വദേശിയാണ്.
വാർത്താ വിനിമയ രംഗത്തെ പുതിയ സങ്കേതങ്ങൾ ഉപയോഗപ്പെടുത്തി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിനെ കാലാനുസൃതമായി ആധുനികവത്ക്കരിക്കുന്നതിനാവശ്യമായ പദ്ധതികൾ നടപ്പിലാക്കിയത് സുഭാഷിന്റെ നേതൃത്വത്തിലാണ്. സർക്കാർ വാർഷികം വിപുലമായ എക്‌സിബിഷൻ ഉൾപ്പെടെയുള്ള പരിപാടികളോടെ ജനകീയമാക്കിയതും അദ്ദേഹത്തിന്റെ നേതൃപാടവമായിരുന്നു.