ചെറുപുഴ: മഴയിൽ തൊഴുത്തിന് മുകളിൽ മണ്ണിടിഞ്ഞുവീണ് പശു ചത്തു. വീടിന് കേടുപാട് സംഭവിച്ചു. കുണ്ടംതടത്തിലെ അഴകത്ത് റെജിയുടെ തൊഴുത്തിനുമുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത് . ഇന്നലെ 11 മണിയോടെയാണ് അപകടം. വീടിന്റെ പാരപ്പറ്റ് തകർന്നു വീണു. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്‌സും നാട്ടുകാരും മണിക്കൂറുകളോളം ശ്രമിച്ചാണ് പശുവിനെ മണ്ണിനടിയിൽ നിന്നും പുറത്തെടുത്തത്. അശാസ്ത്രീയ നിർമ്മാണമാണ് മണ്ണ് ഇടിയാൻ കാരണമെന്നാണ് ഫയർഫോഴ്‌സിന്റെ പ്രാഥമിക നിഗമനം. സമീപത്തെ ഒരു വീടും തെങ്ങും അപകട ഭീഷണിയിലാണെന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പറഞ്ഞു