കാസർകോട്: റിട്ട. അധ്യാപികയായ ചീമേനി പുലിയന്നൂരിലെ പി.വി. ജാനകിയെ (65) കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ആഗസ്റ്റ് 8 ന് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ആരംഭിക്കും. കേസ് പരിഗണിച്ച പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഡി. അജിത് കുമാർ വിചാരണയ്ക്ക് ഹാജരാകുന്നതിന് സാക്ഷികൾക്ക് സമൻസയക്കാൻ നിർദ്ദേശം നൽകി. കേസിലെ പ്രതികളായ അരുൺ, വിശാഖ്, റനീഷ് എന്നിവരെ കോടതി നേരത്തെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചിരുന്നു.
2017 ഡിസംബർ 13 ന് രാത്രിയാണ് ജാനകി പുലിയന്നൂരിലെ വസതിയിൽ കൊലചെയ്യപ്പെട്ടത്. സംഭവ സമയത്ത് ജാനകിയും ഭർത്താവ് റിട്ട. അധ്യാപകനായ കൃഷ്ണനും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. വീട്ടിൽ അതിക്രമിച്ചു കടന്ന മൂന്നംഗ സംഘം ജാനകിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും സ്വർണ്ണാഭരണങ്ങൾ കവർന്നെടുക്കുകയും ചെയ്തുവെന്നാണ് കേസ്. ജാനകിയുടെ നിലവിളികേട്ട് ഉണർന്ന കൃഷ്ണനെയും സംഘം കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു. മംഗളൂരു ആശുപത്രിയിൽ ദിവസങ്ങളോളം ചികിത്സയിൽ കഴിഞ്ഞ കൃഷ്ണൻ ഇപ്പോൾ മകൾക്കൊപ്പമാണ് താമസം.
അന്നത്തെ നീലേശ്വരം സി.ഐയാണ് ഈ കേസിൽ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റു ചെയ്തത്. കൊലയ്ക്കുപയോഗിച്ച കത്തിയും കണ്ടെടുത്തിരുന്നു. ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ത്രേട്ട് (ഒന്ന്) കോടതിയിലാണ് ഈ കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നത്. പിന്നീട് വിചാരണയ്ക്കായി ജില്ലാപ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കേസ് ഫയലുകൾ കൈമാറുകയായിരുന്നു. ജാമ്യം ലഭിക്കാത്തതിനാൽ മൂന്ന് പ്രതികളും ജയിലിലാണ്.
പരാതി പരിഹാരത്തിനുള്ള സമിതി
സബ് ഡിവിഷൻ തലത്തിൽ
കാസർകോട്: പട്ടികജാതി വർഗ്ഗ വിഭാഗങ്ങളുടെ പരാതി പരിഹാരത്തിനുള്ള സമിതിയുടെ പ്രവർത്തനം ഇനി സബ് ഡിവിഷൻ തലത്തിൽ. പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവരുടെ പ്രശ്‌നങ്ങളിൽ ഇടപെടുന്നതിനും അവ പരിഹരിക്കുന്നതിനും വേണ്ടി പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ തലത്തിൽ രൂപീകരിച്ചിരുന്ന സംവിധാനം ഇനിമുതൽ സബ് ഡിവിഷൻ തലത്തിൽ പ്രവർത്തിക്കും. സർക്കിൾ ഓഫീസ് സംവിധാനം ഉപേക്ഷിക്കുകയും ഇൻസ്‌പെക്ടർമാരെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി നിയോഗിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്ര അറിയിച്ചു.
ഇനി മുതൽ ഡിവൈ.എസ്.പി അഥവാ അസിസ്റ്റന്റ് കമ്മിഷണറായിരിക്കും സമിതിയുടെ അധ്യക്ഷൻ. അദ്ദേഹത്തിന്റെ അധികാരപരിധിയിലുള്ള സ്റ്റേഷൻ ഹൗസ് ഓഫീസർമാർ, പട്ടികജാതി പട്ടികവർഗ്ഗവിഭാഗത്തിൽപ്പെട്ട പ്രമുഖർ, ഈ വിഭാഗത്തിലെ സംഘടനകളുടെ പ്രതിനിധികൾ, ഈ വിഭാഗത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകളുടെ പ്രതിനിധികൾ എന്നിവർ അംഗങ്ങളായിരിക്കും. കമ്മിറ്റി മൂന്നുമാസത്തിലൊരിക്കൽ വീതം യോഗം ചേരും. യോഗത്തിന്റെ നടപടികുറിപ്പ് ജില്ലാ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ ചുമതലയുള്ള ഡിവൈ.എസ്.പിക്കോ അസിസ്റ്റന്റ് കമ്മിഷണർക്കോ ആണ് നൽകേണ്ടത്. മേൽനടപടി ആവശ്യമുളള വിഷയങ്ങൾ അദ്ദേഹം ജില്ലാ പൊലീസ് മേധാവിമാരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.