തൃക്കരിപ്പൂർ: സ്ഥലം കണ്ടാൽ മാലിന്യ സംഭരണ കേന്ദ്രം പോലെ. ദുർഗന്ധം മൂലം മൂക്കുപൊത്താതെ പരിസരത്തുകൂടി കടന്നുപോകാൻ പറ്റാത്ത അവസ്ഥ. വൃത്തിഹീനമായ ഈ സ്ഥലത്തിന്റെ പരിസരത്തു നടക്കുന്നതാകട്ടെ കോഴിയെ അറുത്ത് പീസാക്കിയുള്ള ഇറച്ചി വിൽപ്പനയും.
പകർച്ചപ്പനിയടക്കമുള്ള കൊതുക്, ജലജന്യരോഗങ്ങൾ പടർന്നു പിടിക്കുന്ന വർഷകാലത്താണ് ആരോഗ്യ വകുപ്പിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ കാറ്റിൽ പറത്തിയുള്ള ഇറച്ചിക്കോഴി വിൽപ്പന. തൃക്കരിപ്പൂർ മത്സ്യമാർക്കറ്റിന് തൊട്ടാണ് ഈ കോഴിക്കട. തൊട്ടടുത്തുള്ള ഓട്ടോറിക്ഷ സ്റ്റാൻഡിലെത്തുന്ന യാത്രക്കാരെയും പരിസരത്തെ മാലിന്യം പ്രതികൂലമായി ബാധിക്കുന്നു.
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ആ ഭാഗത്തേക്ക് തിരിഞ്ഞുനോക്കാറില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. പഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടികൾ സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്.
മത്സ്യമാർക്കറ്റിന്റെ പരിസരത്തെ സ്വകാര്യവ്യക്തിയുടെ ഒഴിഞ്ഞ പറമ്പും മാലിന്യ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഇതിനു സമീപത്തായി തന്നെ ഹോട്ടലടക്കമുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് നാട്ടുകാരെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
കോഴിക്കടയുടെ പരിസരത്തെ മാലിന്യക്കൂമ്പാരം.