തലശ്ശേരി: പുതുകാലത്തെ കഥാസാഹിത്യത്തെക്കുറിച്ച് വിഖ്യാത നോവലിസ്റ്റ് എം.മുകുന്ദനും കേരളീയ നാടോടി കലകളെക്കുറിച്ച് പ്രമുഖ ചിത്രകാരനും കലാ ഗവേഷകനുമായ കെ.കെ.മാരാരും സ്വാനുഭവങ്ങൾ പങ്കുവച്ച വേദി തലശ്ശേരിക്ക് മറക്കാനാവാത്തതായി.
എഴുത്തച്ഛൻ പുരസ്‌ക്കാര ജേതാവ് എം.മുകുന്ദനും ലളിതകലാ അക്കാഡമി ഫെലോഷിപ്പ് നേടിയ കെ.കെ.മാരാർക്കും തിരുവങ്ങാട് സ്‌പോർട്ടിംഗ് യൂത്ത് സ് ലൈബ്രറിയുടെ കലാവിഭാഗമായ ശ്യാമ ഒരുക്കിയ ആദര ചടങ്ങിലാണ് ഇരുവരും അനുഭവങ്ങൾ പങ്കിട്ടത്. പഴയ കാലത്തെ ചെറിയ ജീവിത രീതികളിൽ നിന്നും നാം പുതുകാലത്തിന്റെ വലിയ ജീവിതത്തിലേക്ക് ഓടിയെത്താൻ കാട്ടുന്ന വഴിവിട്ട വ്യഗ്രതയാണ് നാട്ടു നൻമകളത്രയും ചോർന്നു പോകാനിടയാക്കിയതെന്ന് എം.മുകുന്ദൻ പറഞ്ഞു.മുകുന്ദനെന്ന വലിയ മനുഷ്യനെ തുറന്നുകാട്ടുന്നതായിരുന്നു മാരാറുടെ അനുഭവവിവരണം. 'ഹാർട്ട് അറ്റാക്ക് 'എന്ന മുകുന്ദൻ കഥയിലെ കേന്ദ്ര വിഷയം ചിത്രകലയാണെന്ന് മാരാർ ചൂണ്ടിക്കാട്ടി. കേരളീയ ഭാഷക്ക് തേയ്മാനം വന്നു തുടങ്ങിയപ്പോഴും, മയ്യഴിത്തനിമയാർന്ന നാട്ടുഭാഷ ഇന്നും കൈവിടാതെ സൂക്ഷിക്കുകയും അത് തന്റെ കൃതികളിൽ പ്രയോഗിക്കുകയും ചെയ്യുന്ന എഴുത്തുകാരനാണ് എം.മുകുന്ദനെന്നും മാരാർ പറഞ്ഞു.
ഐ.ഐ.ടി.യിൽ പ്രവേശനം ലഭിച്ച ഷാന രാജിനെ ചടങ്ങിൽ പുരസ്‌ക്കാരം നൽകി അനുമോദിച്ചു.നാടൻ കലകളേയും, മയ്യഴിത്തനിമയേയും കോർത്തിണക്കി പ്രശസ്ത ഗായികാ ഗായകർ ഒരുക്കിയ സംഗീതാർച്ചനയും ചടങ്ങിനെ കാവ്യാത്മകമാക്കി. ചാലക്കര പുരുഷു അദ്ധ്യക്ഷനായി. ഡോ. വി. രാജാറാം, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.വിനയരാജ് സംസാരിച്ചു. സിഅശോകൻ സ്വാഗതവും, സി.വി.സുധാകരൻ നന്ദിയും പറഞ്ഞു.
ചിത്രം: തൂലിക ചായം 2019 ആദരചടങ്ങിൽ നോവലിസ്റ്റ് എം.മുകുന്ദൻ സംസാരിക്കുന്നു