കണ്ണൂർ: ഒന്നിനു പിറകെ ഒന്നായി കണ്ണൂരിൽ സി.പി.എമ്മിനെ പിന്തുടരുന്ന രാഷ്ട്രീയ പ്രതിസന്ധികളിൽ ഉറച്ച നിലപാടുകളുമായി രംഗത്തെത്തുന്ന സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. തലശ്ശേരിയിലെ സി.ഒ.ടി നസീർ വധശ്രമക്കേസും ആന്തൂർ നഗരസഭാ വിഷയവും വ്യക്തതയോടെ കൈകാര്യം ചെയ്ത ജയരാജന്റെ നിലപാടുകൾക്ക് പാർട്ടി അണികൾക്കിടയിൽ സ്വീകാര്യതയേറുകയാണ്.
പാർട്ടി നേരിടുന്ന വലിയ പ്രതിസന്ധികളിൽ ശക്തമായ ഇടപെടലുകൾ നടത്തി ജയരാജൻ മുന്നോട്ടു നീങ്ങുകയാണെന്ന വിലയിരുത്തലാണ് അണികൾക്ക്. വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയും സി.പി.എം. വിമതനുമായ സി.ഒ.ടി.നസീർ വധശ്രമക്കേസ് പാർട്ടിക്കുള്ളിൽ സൃഷ്ടിച്ച ആഭ്യന്തര പ്രശ്‌നത്തിൽ ജയരാജൻ നടത്തിയ ശക്തമായ ഇടപെടൽ അദ്ദേഹത്തിന്റെ എതിരാളികൾ പ്രതീക്ഷിക്കുന്നതിനും അപ്പുറമായിരുന്നു. അക്രമത്തിൽ പി. ജയരാജൻ സംശയിക്കപ്പെടുന്ന തരത്തിലായിരുന്നു ചില കേന്ദ്രങ്ങളുടെ പ്രചാരണം. എന്നാൽ തന്റെ നിരപരാധിത്വം തെളിയിക്കാൻ പി. ജയരാജൻ ഒരു മുഴംമുമ്പേ എറിയുകയായിരുന്നു. സി.ഒ.ടി. നസീറിനെ ആശുപത്രിയിൽ സന്ദർശിച്ചതും സംഭവം പാർട്ടി കമ്മിഷൻ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടതും എതിരാളികൾക്ക് പ്രതിരോധിക്കാൻ കഴിയാത്ത നീക്കമായി.
ആന്തൂരിലെ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത വിഷയത്തിൽ നടന്ന വിശദീകരണ പൊതുയോഗത്തിലും ജയരാജൻ നഗരസഭ ചെയർപേഴ്സണും ഭരണസമിതിക്കുമെതിരെ കടുത്ത വിമർശനമാണ് അഴിച്ചുവിട്ടത്. സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, ചെയർപേഴ്സൺ പി.കെ. ശ്യാമള എന്നിവരെ വേദിയിലിരുത്തിയാണ് ജയരാജൻ ആഞ്ഞടിച്ചത്. ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നതിൽ ചെയർപേഴ്സണ് വീഴ്ച സംഭവിച്ചുവെന്ന ജയരാജന്റെ വാദത്തെ എതിർക്കാൻ പിന്നീട് പ്രസംഗിച്ച നേതാക്കളാരും മുന്നോട്ട് വന്നില്ലെന്നതും ശ്രദ്ധേയമാണ്. ആന്തൂർ വിഷയത്തിൽ സൈബർ സഖാക്കൾ പാർട്ടിയെ വിമർശിക്കുകയാണ്.
കൂടാതെ പ്രവാസി വ്യവസായിയുടെ കുടുംബം ജയരാജനെ മാത്രമാണ് വിശ്വസിക്കുന്നതും ഓരോ ഘട്ടത്തിലും ഒപ്പമുണ്ടായിരുന്നെന്ന് ഊന്നിപ്പറയുന്നതും. അണികൾക്കിടയിൽ ഇത് ജയരാജന്റെ നിലപാടുകൾക്കുള്ള സ്വീകാര്യതയായി വിലയിരുത്തപ്പെടുകയാണ്. വ്യക്തിപൂജാ വിവാദവുമായി ബന്ധപ്പെട്ട് പി. ജയരാജൻ നേരത്തെ സംസ്ഥാന നേതൃത്വത്തിന്റെ അതൃപ്തിക്കിരയായിരുന്നു. എന്നാൽ ഇപ്പോൾ കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദൻ ആന്തൂർ വിഷയത്തിൽ പ്രതിരോധത്തിലായത് ജയരാജന് രാഷ്ട്രീയ മേൽക്കൈ നൽകിയെന്നാണ് പാർട്ടി വിമർശകരുടെ പക്ഷം.
എട്ടു വർഷമായി ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനെ ലോക്‌സഭാ തിരഞ്ഞെടുപ്പോടുകൂടി കണ്ണൂർ രാഷ്ട്രീയത്തിൽ നിന്നു മാറ്റിനിറുത്താനുള്ള നീക്കത്തിനും തിരിച്ചടിയായി പുതിയ സംഭവവികാസങ്ങൾ. പി. ജയരാജന് അവസരം കാത്തിരുന്ന് പാർട്ടി നൽകിയ മറുപടിയാണ് ലോക്‌സഭാ സ്ഥാനാർഥിത്വമെന്നും ചർച്ചയുണ്ടായിരുന്നു. അത് മറികടന്നാണ് ഇപ്പോൾ ജയരാജൻ കണ്ണൂരിൽ വീണ്ടും ശ്രദ്ധാകേന്ദ്രമാവുന്നത്.