health-problems-on-monsoo

കേരളത്തിൽ വർഷ ഋതുവും ഗ്രീഷ്മ ഋതുവും കൂടി ആറുമാസത്തിലേറെ കൈയടക്കിവരുന്നു. ശരീരബലം ഏറ്റവും കുറയുന്ന ഋതുക്കളാണ് ഇവ രണ്ടും. അതിനാൽ ആരോഗ്യസംരക്ഷണം ഇക്കാലയളവിൽ പ്രധാനമാണ്. മഴക്കാലത്ത് കർക്കിടക കഞ്ഞിപോലുള്ള ഔഷധ ഭക്ഷണങ്ങളുടെ പ്രാധാന്യവും ഇതുകണക്കിലെടുത്താണ്.

'കർക്കിടക കഞ്ഞി" എന്നാണ് നാം പൊതുവെ പറയാറുള്ളതെങ്കിലും മഴക്കാലമാകെ ഇത് എല്ലാദിവസവും ശീലിക്കണമെന്നാണ് പറയുന്നത്. ആരോഗ്യ സംരക്ഷണത്തോടൊപ്പം മഴക്കാല രോഗങ്ങളെ തടയുന്നതിൽ ഇത് വലിയ പങ്കാണ് നിർവഹിക്കുന്നത്.

അതുപോലെ ഈ കാലയളവിൽ തണുത്തവെള്ളം കുടിക്കുകയോ ദഹിക്കാൻ വിഷമമുള്ള ആഹാരങ്ങൾ കഴിക്കുകയോ ചെയ്യരുത്. ഇങ്ങനെ നാം ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. ചൂടുള്ള ആഹാരം കഴിക്കുക, പുളി​- ഉപ്പ് രസമുള്ള ആഹാരങ്ങൾ കഴിക്കുക, ഗോതമ്പ്​-ചെറുപയർ-പഴകിയ ധാന്യങ്ങൾ എന്നിവ ഉപയോഗിക്കുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, വെള്ളം തിളപ്പിക്കാൻ ചുക്ക്-തുളസി-മുത്തങ്ങ കിഴങ്ങ് എന്നിവ ഉപയോഗിക്കുക, പച്ചക്കറികളും പഴങ്ങളും നന്നായി ഉപയോഗിക്കുക, ഭക്ഷണത്തിൽ സാധിക്കുമെങ്കിൽ നെയ്യ് ചേർക്കുക തുടങ്ങിയവയൊക്കെ ശീലിക്കാം.

കുളിക്കുമ്പോൾ ശരീരത്തിൽ ചൂടുവെള്ളവും തലയിൽ തണുത്തവെള്ളവും ഉപയോഗിക്കുക, എണ്ണതേച്ച് കുളിക്കുക,​ വസ്ത്രങ്ങൾ അതത് സമയത്ത് ഇസ്തിരിയിട്ട് ഉപയോഗിക്കുക,​ കഠിനാദ്ധ്വാനവും പകൽ ഉറക്കവും ഒഴിവാക്കുക, പാദരക്ഷകൾ ഉപയോഗിക്കുകയും ജീർണതകൾ ഒഴിവാക്കാൻ സാധിക്കുന്നിടത്തുവെച്ചെല്ലാം കാലുകഴുകാനും ശ്രദ്ധിക്കുക.പരമാവധി മഴ നനയാതിരിക്കുകയും​ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തുണികൊണ്ട് മൂടുകയും വേണം.

ഡോ. ഇറിന എസ്. ചന്ദ്രൻ,

പുല്ലായിക്കൊടി ആയുർവേദ,

പൂക്കോത്ത് നട,

തളിപ്പറമ്പ്

ഫോൺ 9544657767