കണ്ണൂർ: പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ, കൺവെൻഷൻ സെന്ററിന് കെട്ടിട നമ്പർ നൽകുന്നതിനുള്ള അപേക്ഷ ഉദ്യോഗസ്ഥർ പൂഴ്ത്തിവച്ചതായി അന്വേഷണ സംഘം കണ്ടെത്തി. ഇന്നലെ നഗരസഭാ ഓഫീസിലെത്തിയ സംഘം അനുമതി അപേക്ഷയുമായി ബന്ധപ്പെട്ട നിരവധി രേഖകൾ കണ്ടെടുത്തു.
സാജന്റെ ഭാര്യാപിതാവ് പുരുഷോത്തമൻ ഏപ്രിൽ 12ന് സമർപ്പിച്ച കംപ്ളീഷൻ പ്ളാനിൽ മാറ്റം വരുത്തി വീണ്ടും സമർപ്പിക്കാൻ നിർദ്ദേശിച്ചത് 29 നാണ്. ന്യൂനതകൾ പരിഹരിച്ച് സാജൻ ജൂൺ രണ്ടിന് വീണ്ടും അപേക്ഷ സമർപ്പിച്ചു. 17 വരെ ഫയലിൽ ഒരു നടപടിയും സ്വീകരിച്ചില്ല. സാജന്റെ ആത്മഹത്യയ്ക്കു ശേഷം ഫയലിൽ ചില കുറിപ്പുകൾ എഴുതിച്ചേർത്തതായും അന്വേഷണ സംഘം കണ്ടെത്തി.
സാജന്റെ ഭാര്യ ബീന, സാജന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന പാർത്ഥ ബിൽഡേഴ്സ് ജനറൽ മാനേജർ കെ. സജീവൻ എന്നിവരിൽ നിന്ന് പ്രത്യേകാന്വേഷണ സംഘം മൊഴിയെടുത്തു. നഗരസഭാ ചെയർപേഴ്സൺ പി.കെ. ശ്യാമളയുടെ നിലപാടുകളാണ് സാജന്റെ ആത്മഹത്യയ്ക്കു കാരണമായതെന്ന് സാജന്റെ ഭാര്യ മൊഴി നൽകിയതായാണ് സൂചന. കഴിഞ്ഞ ദിവസം വളപട്ടണം പൊലീസിൽ ബീന ഇതേ മൊഴി നൽകിയിരുന്നു. കണ്ണൂർ നർകോട്ടിക് സെൽ ഡിവൈ.എസ്.പി വി.എ. കൃഷ്ണദാസിന്റെ നേതൃത്വത്തിലായിരുന്നു മൊഴിയെടുപ്പ്. പി.കെ. ശ്യാമളയുടെയും സസ്പെൻഷനിലായ മുനിസിപ്പൽ സെക്രട്ടറി ഉൾപ്പെടെ ഉദ്യോഗസ്ഥരുടെയും മൊഴി ഇന്ന് രേഖപ്പെടുത്തും.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പി.കെ. ശ്യാമളയുടെ രാജിക്കത്ത് തള്ളി, ജാഗ്രതക്കുറവിന് പരസ്യമായി ശാസിക്കാനും അക്കാര്യം ജനങ്ങളെ അറിയിക്കാനുമാണ് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമെന്നാണ് സൂചന. 30ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്യും. കണ്ണൂരിൽ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജനും പി.കെ. ശ്രീമതിയും ശ്യാമളയെ നീക്കേണ്ടതില്ലെന്ന നിലപാടിനൊപ്പമായിരുന്നു.