കാസർകോട്: ജില്ലയിൽ അനർഹമായി മുൻഗണന, എ.എ.വൈ റേഷൻ കാർഡുകൾ കൈവശം വച്ചിട്ടുളള കാർഡുടമകളെ കണ്ടെത്തുന്നതിനുളള പരിശോധനകൾ വരും ദിവസങ്ങളിൽ കർശനമായി തുടരുമെന്ന് കാസർകോട് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. കഴിഞ്ഞ മേയ് ആറിന് ആരംഭിച്ച പരിശോധനയിൽ ഇന്നേവരെ ജില്ലയിൽ അനർഹമായ 318 കാർഡുകൾ കണ്ടെത്തിയതായും ഇത്തരം കാർഡുടമകൾക്കെതിരെ അവർ ഇതുവരെ വാങ്ങിയ റേഷൻ സാധനങ്ങളുടെ വില കി.ഗ്രാമിന് 29.81 രൂപ നിരക്കിൽ ഈടാക്കുന്നതിനുളള നടപടികൾ ആരംഭിച്ചതായും സപ്ലൈ ഓഫീസർ അറിയിച്ചു.
അർഹരായ നിരവധി കാർഡുടമകൾ മുൻഗണന കാർഡിന് അപേക്ഷിച്ചിട്ടുണ്ടെങ്കിലും ജില്ലയ്ക്ക് അനുവദിച്ച മുൻഗണന കാർഡുകളുടെ എണ്ണത്തിന്റെ പരിധി എത്തിയതിനാൽ പുതുതായി മുൻഗണന കാർഡുകൾ നൽകുവാൻ സാധിക്കുന്നില്ല. അനർഹർ സ്വമനസാലെ തങ്ങളുടെ മുൻഗണന കാർഡുകൾ മുൻഗണേതര വിഭാഗത്തിലേക്കു മാറ്റിയാലേ ഇത്തരത്തിൽ അപേക്ഷ നൽകിയവർക്കു മുൻഗണന കാർഡ് നൽകുവാൻ സാധിക്കുകയുളളൂ. ഇങ്ങനെ സപ്ലൈ ഓഫീസറുമായി ബന്ധപ്പെട്ട് അനർഹമായി കൈവശം വച്ചിട്ടുളള റേഷൻ കാർഡുകൾ മാറ്റിയെടുക്കുന്ന കാർഡുടമകളെ ശിക്ഷാനടപടികളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ നിരവധി അറിയിപ്പ് നൽകിയിട്ടും അത് അവഗണിച്ച അനർഹരെ കണ്ടെത്താനുളള ഊർജ്ജിത പരിശോധനകളാണ് ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസർമാരുടെ നേതൃത്വത്തിൽ റേഷനിംഗ് ഇൻസ്‌പെക്ടർമാർ അടങ്ങിയ സംഘം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടത്തിവരുന്നത്.
റേഷൻ കാർഡുകളിൽ ആധാർ നമ്പർ രേഖപ്പെടുത്താത്ത കാർഡുടമകൾക്ക് വിട്ടുപോയ ആധാർ നമ്പറുകൾ അക്ഷയകേന്ദ്രങ്ങൾ വഴിയോ, സപ്ലൈ ഓഫീസിൽ നിന്നും നേരിട്ടോ ചേർക്കുവാൻ സാധിക്കും. രണ്ടു റേഷൻ കാർഡിൽ പേര് ഉൾപ്പെട്ട വ്യക്തികൾ അടിയന്തരമായും നിലനിർത്തേണ്ട പേര് ഒഴികെ ബാക്കിയുള്ളവ മറ്റു കാർഡുകളിൽ നിന്നും നീക്കം ചെയ്യാനുളള അപേക്ഷയും അക്ഷയ കേന്ദ്രങ്ങൾ വഴി അയയ്ക്കണം.
അനർഹമായി റേഷൻ സാധനങ്ങൾ കൈപ്പറ്റുന്നവരെപ്പറ്റിയുളള വിവരങ്ങൾ പൊതുജനങ്ങൾക്ക് താഴെ പറയുന്ന മൊബൈൽ നമ്പറുകളിലേക്ക് വിളിച്ചറിയിക്കാം. സപ്ലൈ ഓഫീസർ, കാസർകോട് :9188527412, സപ്ലൈ ഓഫീസർ, ഹൊസ്ദുർഗ്ഗ് :9188527413, സപ്ലൈ ഓഫീസർ, വെളളരിക്കുണ്ട് :9188527414, സപ്ലൈ ഓഫീസർ, മഞ്ചേശ്വരം: 9188527415.