കാസർകോട് : ഷോപ്പിംഗ് കോംപ്ലക്സിനായി രണ്ടരക്കോടി രൂപ മുടക്കി കെട്ടിടം പണിതപ്പോൾ പാർട്ടിയുടെ പിൻബലത്തോടെ വഴിയോരക്കച്ചവടക്കാർ വഴി മുടക്കി.അവരെ ഒഴിപ്പിക്കുന്നതിന് ഹൈക്കോടതി ഉത്തരവിട്ടിട്ടും , ഗ്രാമപഞ്ചായത്തിൽ നിന്ന് നീതി ലഭിക്കാതെ നട്ടം തിരിയുന്നത് മൂന്ന് പ്രവാസികൾ. ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റാവട്ടെ,ഇതിലൊരു പ്രവാസിയുടെ സ്വന്തം അമ്മയും.
സി.പി.എം ഭരിക്കുന്ന പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ്. നായരുടെ മകൻ പി. കെ. ജയകുമാറാണ് വർഷങ്ങളുടെ സമ്പാദ്യം നാട്ടിൽ വ്യാപാരത്തിനായി മുടക്കിയതിന്റെ പേരിൽ ദുരവസ്ഥ.നേരിടുന്ന പ്രവാസികളിൽ ഒരാൾ. സുഹൃത്തുക്കളായ സനോജ് കണ്ണനും തുളസീധരനുമാണ് മറ്ര് രണ്ട് പേർ. കഴിഞ്ഞ 15 വർഷമായി അബുദാബിയിൽ പണിയെടുക്കുന്ന മൂന്ന് പേരും ചേർന്നാണ് പെരിയ കല്ല്യോട്ട് റോഡരികിൽ പഞ്ചായത്തിന്റെ ലൈസൻസോടെ ഷോപ്പിംഗ് കോംപ്ലക്സിന്റെ പണി തുടങ്ങിയത് ഇരുനില കെട്ടിടത്തിന്റെ നിർമ്മാണം മുന്നേറിയതോടെ വഴിയോരക്കച്ചവടക്കാരുടെ വിലങ്ങും മുറുകി.. കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള വഴി പോലും തടസ്സപ്പെട്ടതോടെ,ഇവരെ ഒഴിപ്പിക്കുന്നതിന് ജയകുമാറും സുഹൃത്തുക്കളും കഴിഞ്ഞ വർഷം ആഗസ്റ്രിൽ ഹൈക്കോടതിയിൽ നിന്ന് ഉത്തരവ് നേടി. എന്നാൽ,വിധി നടപ്പാക്കാൻ പഞ്ചായത്ത് തയാറായില്ല. 5 മാസം കാത്തിരുന്ന ശേഷം കെട്ടിട ഉടമകൾ ജില്ലാ കളക്ടർക്ക് പരാതി നൽകി. അമ്മ ഭരിക്കുന്ന പഞ്ചായത്തിന്റെ നടപടിക്കെതിരേ ഫെയ്‌സ്ബുക്കിൽ പോസ്റ്റിടുകയും ചെയ്തു. ജില്ലാ കളക്ടർക്ക് ലഭിച്ച പരാതി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് കൈമാറി. തുടർന്ന് , വിധി നടപ്പാക്കാൻ .ഡെപ്യൂട്ടി ഡയറക്ടർ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയെങ്കിലും ഫലമുണ്ടായില്ല.
ഇതിനിടെ, വഴിവാണിഭക്കാരെ ഒഴിപ്പിക്കരുതെന്ന സുപ്രീം കോടതി വിധി ഉയർത്തിക്കാട്ടി പെരിയ ടൗണിലെ വഴിയോര കച്ചവടക്കാരെ സംഘടിപ്പിക്കാൻ സി.ഐ.ടി.യു രംഗത്തെത്തി. ഇതോടെ ചിത്രം മാറി. പുല്ലൂർ പെരിയ സി. പി. എമ്മിൽ ഈ വിഷയം ഇപ്പോൾ കീറാമുട്ടിയാണ്. സി.ഐ.ടി.യു നിയന്ത്രണത്തിലുള്ള വഴിയോര കച്ചവട തൊഴിലാളി യൂണിയന്റെ പെരിയ യൂണിറ്റ് വാർഷിക സമ്മേളനത്തിൽ, എന്ത് സമ്മർദ്ദമുണ്ടായാലും ഒഴിപ്പിക്കാനുള്ള നീക്കം ചെറുക്കാൻ തീരുമാനിച്ചു. ജയകുമാറിന്റെ കെട്ടിടത്തിനു മുന്നിൽ മിൽമ ബൂത്ത് ഉൾപ്പെടെ നടത്തുന്ന ടി .ഗോപാലനാണ് സംഘടനയുടെ യൂണിറ്റ് പ്രസിഡന്റ്. പഞ്ചായത്ത് പ്രസിഡന്റ് ജയകുമാറിന്റെ സ്വന്തം അമ്മയാണെങ്കിലും ഭരണം നിയന്ത്രിക്കുന്നത് വഴിയോരക്കച്ചവടക്കാർക്കൊപ്പം നിൽക്കുന്ന പാർട്ടിയിലെ ഒരു വിഭാഗമാണ്.പാർട്ടിയുടെ സമ്മർദ്ദത്തിന് വഴങ്ങി കോടതി വിധി നടപ്പാക്കാതിരുന്ന പഞ്ചായത്ത് സെക്രട്ടറി കഴിഞ്ഞ മാസം 30ന് സർവീസിൽ നിന്ന് വിരമിച്ചു.
കെട്ടിടത്തെ മറച്ചുകൊണ്ട് നിൽക്കുന്ന വഴിയോരക്കച്ചവടം ഒഴിപ്പിക്കാനാവാത്തപക്ഷം ആന്തൂരിൽ സംഭവിച്ചതുപോലെ പ്രവാസ മൂലധനം ഉപയോഗിച്ച് ലക്ഷങ്ങൾ ചെലവിട്ട് പണിത 26 കടമുറികളുള്ള കെട്ടിടം ഉപയോഗശൂന്യമായി തീരുമെന്നാണ് മൂന്ന് പ്രവാസി യുവാക്കളുടെ വിലാപം.. കെട്ടിടത്തിലേക്ക് നേരിട്ടു പ്രവേശിക്കാൻ കഴിയാതെ വന്നതോടെ അതിൽ വ്യാപാര സ്ഥാപനങ്ങളൊന്നും തുടങ്ങാനുമാവില്ല.
അച്ഛൻ മുൻ പഞ്ചായത്ത് പ്രസിഡന്റ്
പെരിയയിൽ സി. പി.എമ്മിന് അടിത്തറ പാകിയ പ്രമുഖരിലൊരാളായ മുൻ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന അന്തരിച്ച എ. ശേഖരൻ നായരുടെ മകനാണ് ജയകുമാർ. അബുദാബി കൊമേഴ്‌സ്യൽ ബാങ്കിൽ ജോലി ചെയ്യുമ്പോഴും പാർട്ടിക്കൊപ്പം നിലയുറപ്പിച്ച വ്യക്തിയാണ്. ഇരട്ടക്കൊലപാതകത്തെ തുടർന്ന് സി. പി. എം പ്രതിരോധത്തിലായ പ്രദേശത്താണ് പാർട്ടിക്കാരുടെ മുട്ടാപ്പോക്കിൽ നിക്ഷേപ സൗഹൃദമല്ലെന്ന ആരോപണം വീണ്ടും ഉയരുന്നത്.