കാസർകോട്: ബസുകളോരോന്നായി ഓട്ടം നിർത്തിയതോടെ അതിർത്തിഗ്രാമമായ മാണിമൂലയിൽ യാത്രാദുരിതം രൂക്ഷമായി. കാസർകോട്, കാഞ്ഞങ്ങാട് ഭാഗങ്ങളിൽ നിന്നു വരുന്ന ഭൂരിഭാഗം സ്വകാര്യ ബസ്സുകളും മൂന്ന് കിലോമീറ്റർ അകലെയുള്ള ബന്തടുക്ക ടൗണിലെത്തി യാത്ര അവസാനിപ്പിക്കുകയാണ്. കെ.എസ്.ആർ.ടി.സി ഇതുവരെ ഈ റൂട്ടിൽ സർവീസ് തുടങ്ങിയിട്ടുമില്ല. കർണാടക അതിർത്തിയോട് ചേർന്നുകിടക്കുകയാണെങ്കിലും മലയാളികൾ കൂടുതലുള്ള പ്രദേശമാണ് മാണിമൂല.
ദൈനംദിന ആവശ്യങ്ങൾക്ക് കാസർകോട്, കാഞ്ഞങ്ങാട് നഗരങ്ങളുമായോ ബന്തടുക്ക, കോളിച്ചാൽ തുടങ്ങിയ സമീപ ടൗണുകളുമായോ ബന്ധപ്പെട്ടാണ് ഇവിടെയുള്ളവർ കഴിയുന്നത്. വിദ്യാർത്ഥികളുടെ പഠനാവശ്യങ്ങൾക്കും അങ്ങനെതന്നെ. ഇപ്പോൾ രാവിലെ ആറരയ്ക്കും ഏഴരയ്ക്കും യാത്ര പുറപ്പെടുകയും വൈകിട്ട് അഞ്ചരയ്ക്കും ആറിനുമായി തിരിച്ചെത്തുകയും ചെയ്യുന്ന രണ്ട് സ്വകാര്യ ബസുകൾ മാത്രമാണ് ഓടുന്നത്. ബന്തടുക്കയിൽ നിന്ന് കാസർകോട്ടേക്ക് പോകുന്ന ഒരു സ്വകാര്യ ബസ് പ്രവൃത്തിദിവസങ്ങളിൽ വിദ്യാർത്ഥികളെ കയറ്റാൻ വേണ്ടി മാത്രം രാവിലെ 8.20 ന് മാണിമൂലയിലേക്ക് വരുന്നുണ്ട്. നേരത്തേ ബന്തടുക്ക-മാണിമൂല റൂട്ടിൽ പന്ത്രണ്ടോളം ബസുകൾ ഓടിയിരുന്നു.
ബസുകളില്ലാത്തതുമൂലം ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത് വിദ്യാർത്ഥികളാണ്. ആകെയുള്ള ബസുകളിൽ കയറാനായില്ലെങ്കിൽ സമാന്തര ഓട്ടോ, ജീപ്പ് സർവീസുകളിൽ ചാർജ് ഇളവില്ലാതെ യാത്ര ചെയ്യേണ്ട അവസ്ഥയിലാണ് അവർ. സാധാരണ യാത്രക്കാരും മിക്ക സമയങ്ങളിലും സമാന്തര സർവീസുകളെയാണ് ആശ്രയിക്കുന്നത്.
പ്രതീക്ഷ കെ.എസ്.ആർ.ടി.സിയിൽ
മാണിമൂലയിൽ നിന്ന് കർണാടക സംസ്ഥാന അതിർത്തിയായ കണ്ണാടിത്തോടിലേക്ക് ഒരു കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്. സുള്ള്യയിൽ നിന്ന് വരുന്ന കർണാടക സംസ്ഥാന ബസുകൾ ഇവിടെ എത്തുന്നുണ്ട്. ഈ ബസുകൾ ബന്തടുക്ക വരെ നീട്ടിയാൽ മാണിമൂലയുടെ യാത്രാദുരിതത്തിന് ഒരുപരിധി വരെയെങ്കിലും പരിഹാരമാകും. രണ്ടു സംസ്ഥാനങ്ങളിലേയും കെ.എസ്.ആർ.ടി.സി അധികൃതരുടെ ഭാഗത്തുനിന്നാണ് ഇതിനുള്ള നടപടിയുണ്ടാകേണ്ടത്. പണി നടന്നുകൊണ്ടിരിക്കുന്ന പൊയിനാച്ചി സുള്ള്യ അന്തർസംസ്ഥാന പാത പൂർത്തിയാകുന്ന മുറയ്ക്ക് സർക്കാരുകൾ തമ്മിൽ ധാരണയിലെത്തിയാൽ ഇരുവശത്തു നിന്നും കെ.എസ്.ആർ.ടി.സി ബസുകൾ ഓടിത്തുടങ്ങുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
സമാന്തരസർവീസുകളുമായുള്ള മത്സരം മൂലമാണ് ബസുകൾ ഓട്ടം നിർത്തേണ്ടിവന്നത്. പലപ്പോഴും നിർത്തിയിട്ട ബസുകളിൽ നിന്നുപോലും സമാന്തരസർവീസുകാർ ആളെ വിളിച്ചുകൊണ്ടുപോകുന്ന അവസ്ഥയുണ്ടായിട്ടുണ്ട്.
ബസുടമകൾ
പടം... മാണിമൂല ജംഗ്ഷൻ