തളിപ്പറമ്പ് : പരിയാരം പഞ്ചായത്ത് പൊതുശ്മശാനം പ്ലാസ്റ്റിക് സംഭരണ കേന്ദ്രമായി മാറി. ശവസംസ്‌കാരത്തിന് പുതിയ ശ്മശാനമൊരുക്കേണ്ട ഗതികേടിലാണ് പരിയാരം പഞ്ചായത്ത്. അമ്മാനപാറയിലെ പൊതുശ്മശാനത്തിന്റെ സമീപത്തായാണ് ഹരിത കർമ്മസേനയുടെ എം.സി.എഫ് യൂണിറ്റ് (മെറ്റീരിയൽ കളക്‌ഷൻ ഫെസിലിറ്റി) പ്രവർത്തിക്കുന്നത്. ഈ യൂണിറ്റിൽ ഒരു ദിവസം പരമാവധി പത്ത് കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യങ്ങളാണ് തരം തിരിക്കാൻ സാധിക്കുന്നത്. ഇതിന്റെ നൂറിരട്ടിയിലേറെ മാലിന്യങ്ങളാണ് ഇവിടെ ഒരു ദിവസം തന്നെ വിവിധ ഭാഗങ്ങളിലായി നിക്ഷേപിക്കപ്പെടുന്നതെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.

പ്ലാസ്റ്റിക്ക് പായ്ക്കറ്റുകൾ കൂടാതെ ചെരിപ്പുകൾ, സ്‌കൂൾ ബാഗുകൾ എന്നിവയും ശേഖരിക്കുന്നവയിലുണ്ട്. ബ്ലോക്ക് പഞ്ചായത്തിന്റെ റിസോഴ്‌സ് റിക്കവറി സെന്ററും ഇതിന് സമീപത്തുതന്നെയാണ് പ്രവർത്തിക്കുന്നത്. ഇവിടങ്ങളിലെല്ലാം മാലിന്യം കുന്നുകൂടിയതോടെയാണ് പൊതുശ്മശാനഷെഡും ഉപയോഗിച്ചു തുടങ്ങിയത്. മാലിന്യങ്ങൾ കുന്നുകൂടി ശ്മശാനത്തിൽ മൃതദേഹങ്ങൾ ദഹിപ്പിക്കാൻ തടസം വന്നതോടെ ഇതിന് സമീപത്തായി പുതിയ ശ്മശാനം നിർമ്മിച്ചിട്ടുണ്ട്. ഇതോടൊപ്പം ഈ പ്ലാസ്റ്റിക്ക് കൂമ്പാരം ആരോഗ്യത്തിന് ഭീഷണിയാകുമെന്ന ഭീതിയിൽ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്.