തലശ്ശേരി: നഗരത്തിലെ ജനത്തിരക്കേറിയ എം.ജി.റോഡിൽ പഴയ പെട്രോൾ പമ്പിനും ടി.ബി.ഷോപ്പിംഗ് കോംപ്ലക്‌സിനുമിടയിൽ നൂറ് മീറ്റർ ദൂരത്തിനിടയിൽ നാല് ബസ് സ്റ്റോപ്പുകൾ.
ആശുപത്രി റോഡ് അവസാനിക്കുന്നിടത്ത് ജംഗ്ഷനിലെ വളവ് തിരിഞ്ഞുള്ള കണ്ണൂർ റോഡിന്റെ തുടക്കത്തിൽ 'ഇവിടെ ബസ്സ് നിർത്തരു'തെന്ന ട്രാഫിക് പൊലീസിന്റെ ബോർഡിനോട് ചേർന്നാണ് ബസുകൾ നിറുത്തുന്നത്.തൊട്ടപ്പുറം ബി ഇ.എം.പി. ഹൈസ്‌കൂളിന് മുന്നിലും അതിനുമപ്പുറം പോസ്റ്റോഫീസ് ജംഗ്ഷനിലും ബസുകൾ തഞ്ചവും തരവും നോക്കി തോന്നിയത് പോലെ നിറുത്തുകയാണ്.ഇതിനൊക്കെ പരിഹാരം കാണാൻ ടി.ബി.ഷോപ്പിംഗ് കോംപ്ലക്‌സിന് മുന്നിൽ നഗരസഭ പുതുതായി സൗകര്യപ്രദമായ ബസ് ഷെൽട്ടർ നിർമ്മിച്ചിട്ടുണ്ട്. ഏതെങ്കിലും ബസുകൾ ഇവിടെ നിറുത്തിയാലായി.

ഷെൽട്ടറിനോട് ചേർന്ന് നിരവധി ഇരുചക്രവാഹനങ്ങൾ നിർത്തിയിടുന്നതിനാൽ കാൽനടയാത്രയ്‌ക്കും തടസമാവുകയാണ്. ചുരുക്കി പറഞ്ഞാൽ അകലെ നിന്ന് ബസ് വരുന്നത് കാണുമ്പോൾ ,പഴയ പെട്രോൾ പമ്പ് ഭാഗത്തു നിന്ന് യാത്രക്കാർക്ക് എവിടെയാണ് നിർത്തുകയെന്നറിയാതെ ബസിന് പിറകെ ഓടേണ്ട ഗതികേടാണ്. മഴക്കാലമായതോടെ യാത്രക്കാരുടെ അവസ്ഥ തീർത്തും പരിതാപകരവുമായി.സ്‌കൂൾ സമയത്ത് മാത്രമേ ഇവിടെ ട്രാഫിക് പൊലീസുകാരുടെ സാന്നിധ്യമുണ്ടാകാറുള്ളൂ. നൂറ് മീറ്ററിനുള്ളിൽ മൂന്നിടത്ത് റോഡ് ക്രോസംഗുമുണ്ട്.നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും നഗരസഭാ കാര്യാലയവുമെല്ലാം ഈ റോഡിന്റെ ഇരുവശങ്ങളിലുമായുണ്ട്. കോഴിക്കോട് ഭാഗത്തേക്ക് ഒരു സ്റ്റോപ്പ് മാത്രമേ ഇവിടെയുള്ളൂ.എന്നാൽ ഒരു വ്യവസ്ഥയുമില്ലാതെ കണ്ണൂർ ഭാഗത്തേക്ക് പോകേണ്ട യാത്രക്കാർക്ക് തലങ്ങും വിലങ്ങും ഓടേണ്ടി വരുന്ന ദുരവസ്ഥക്ക് സത്വര പരിഹാരമുണ്ടാകണമെന്ന് നഗരവാസികൾ പറയുന്നു.


ബസ് നിർത്തിയിടരുതെന്ന ട്രാഫിക് പൊലീസിന്റെ ബോർഡിന് കീഴെ നിറുത്തിയിട്ട് യാത്രക്കാരെ കയറ്റുന്ന ബസ്