abdullakutty

കണ്ണൂർ: ബി.ജെ.പിയിൽ ചേരുന്ന മുൻ എം.പി എ.പി. അബ്ദുള്ളക്കുട്ടിക്ക് പാർട്ടി ആലോചിച്ച് ഉചിതമായ സ്ഥാനം നൽകുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള കേരളകൗമുദി ഫ്ളാഷിനോട് പറഞ്ഞു. പത്ത് വർഷം സി.പി.എം ടിക്കറ്റിൽ എം.പിയും 7 വർഷം കോൺഗ്രസ് ടിക്കറ്റിൽ എം.എൽ.എയും ആയിരുന്ന അബ്ദുള്ളക്കുട്ടിയെ ബി.ജെ.പി സംസ്ഥാന കമ്മിറ്റിയിലേക്ക് എടുക്കുമെന്നാണ് പാർട്ടി കേന്ദ്രങ്ങൾ നൽകുന്ന സൂചന. അതിനിടെ അബ്ദുള്ളക്കുട്ടിയെ കർണാടകയിൽ പ്രയോജനപ്പെടുത്താൻ നവീൻകുമാർ കട്ടീൽ എം.പി അടക്കമുള്ള കർണാടക നേതാക്കൾ കേന്ദ്ര നേതാക്കളിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്.

ഇദ്ദേഹം അടുത്ത കാലത്തായി മംഗലാപുരത്താണ് കുടുംബത്തോടെ താമസിക്കുന്നത്. അബ്ദുള്ളക്കുട്ടിയുടെ സേവനം കർണാടകത്തിലെ ന്യൂനപക്ഷങ്ങളിൽ ആത്മവിശ്വാസം ഉണ്ടാക്കുമെന്നാണ് ഇവരുടെ വാദം. ബി.ജെ.പിയുടെ പാർലമെന്ററി പാർട്ടി ഓഫീസിലെത്തി ഇന്ന് അബ്ദുള്ളക്കുട്ടി ബി.ജെ.പി അംഗത്വം സ്വീകരിക്കുമെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുമായും അബ്ദുള്ളക്കുട്ടി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ കനത്ത തോൽവിക്ക് പിന്നാലെ മോദിയെ പുകഴ്ത്തിയതിനാണ് അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്.

നരേന്ദ്രമോദിയുടെ വികസന അജണ്ടയ്ക്ക് കിട്ടിയ അംഗീകാരമാണ് തിരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വൻ വിജയത്തിന് കാരണം എന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇന്നലെ രാവിലെ നടത്തിയ കൂടിക്കാഴ്ചയിൽ നരേന്ദ്ര മോദിയും പിന്നീട് പാർലമെന്റിൽ വച്ച് നടന്ന കൂടിക്കാഴ്ചയിൽ അമിത് ഷായും തന്നെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്തുവെന്നും ബി.ജെ.പിയിൽ ചേരുന്ന തീയതി അറിയിക്കണമെന്ന് ആവശ്യപ്പെട്ടതായും അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു. അബ്ദുള്ളക്കുട്ടി ബി.ജെ.പിയിൽ എത്തുന്നതോടെ മത ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആർജിക്കാൻ കഴിയുമെന്നും, ഇത് കേരളത്തലടക്കം മറ്റ് സംസ്ഥാനങ്ങളിൽ സ്വാധീനം വർദ്ധിപ്പിക്കാൻ കഴിയുമെന്നുമാണ് ബി.ജെ.പി. നേതാക്കൾ കണക്ക് കൂട്ടുന്നത്. പാർട്ടി സംസ്ഥാനകമ്മിറ്റിയിൽ എടുക്കുന്നതിന് പുറമെ എം.പി, എം.എൽ.എ എന്ന നിലയിൽ പ്രവർത്തിച്ച് അനുഭവ സമ്പത്തുള്ള അബ്ദുള്ളക്കുട്ടിക്ക് മറ്റ് പദവികൾ നൽകാനുള്ള സാദ്ധ്യതകളും തള്ളികളയാൻ കഴിയില്ല. അതേസമയം അബ്ദുള്ളക്കുട്ടിയുടെ ബി.ജെ.പി പ്രവേശനത്തെ എങ്ങനെ ഉൾകൊള്ളണം എന്ന് ആശങ്കയുള്ളവരും പാർട്ടിയിലുണ്ട്.