കണ്ണൂർ: കാലപ്പഴക്കം കുറഞ്ഞ വാഹനങ്ങളുടെ വർഷാവർഷമുള്ള പരിശോധനകൾ രണ്ട് വർഷത്തിലൊരിക്കലായി ചുരുക്കിയതോടെ ഉദ്യോഗസ്ഥർ 'കിമ്പളം' ഇരട്ടിയാക്കിയതായി വാഹന ഉടമകൾ. ഓട്ടോറിക്ഷകൾ മുതൽ ബസുകൾ വരെയുള്ള വാഹനങ്ങളുടെ വാർഷിക പരിശോധനകളിലാണ് ചൂഷണം വർദ്ധിപ്പിച്ചതായി പരാതി. ബസുകൾക്ക് നേരത്തെ 1000 രൂപ വരെ വാങ്ങിയിരുന്നത് ഇപ്പോൾ 2000 രൂപയാക്കി ഉയർത്തിയെന്ന് ഏജന്റുമാർ ആരോപിക്കുന്നു. കളർ കോഡ് വരുന്നതിന് മുൻപ് 55000 രൂപ വരെ ചെലവുണ്ടായിരുന്നിടത്ത് ഇപ്പോൾ 20,000 രൂപ വരെ മാത്രം നൽകിയാൽ മതിയല്ലോയെന്നാണ് ഉദ്യോഗസ്ഥരുടെ ചോദ്യമെന്ന് ഇവർ പറയുന്നു.
കിമ്പള വർദ്ധനവിൽ വലിയ കാര്യമില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. പരിശോധന രണ്ട് വർഷത്തിൽ ഒരിക്കൽ ആക്കിയതിനാൽ ഒന്നിച്ചായെന്നേയുള്ളുവെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണമത്രെ.ഇക്കാര്യം ഉടമകളെ ബോദ്ധ്യപ്പെടുത്താൻ സാധിക്കുന്നില്ലെന്നാണ് ഏജന്റുമാരുടെ പരിഭവം.കളർ കോഡ് വന്നതോടെ കൈക്കൂലി നൽകാത്തവരുടെ വാഹനങ്ങളിൽ നേരിയ നിറവ്യത്യാസം പോലും ആരോപിച്ച് മടക്കുന്നുവെന്നും വ്യാപക പരാതിയുണ്ട്.'കൈമടക്ക്' നൽകുന്നവരുടെ വാഹനങ്ങളുടെ ഫയലുകൾ മറിച്ച് നോക്കുക പോലും ചെയ്യാതിരിക്കുമ്പോൾ മറ്റ് വാഹനങ്ങൾ ഓടിച്ച് നോക്കി സ്പീഡ് ഗവർണർ തകരാർ പോലും ആരോപിക്കുന്നതാണ് ചില ഉദ്യോസ്ഥരുടെ രീതി.
ആർ.ടി.ഒ ഇല്ലാതെ ഓഫീസുകൾ
കാസർകോട് മോട്ടോർ വാഹന വകുപ്പ് ഓഫീസിൽ ആർ.ടി.ഒ ഇല്ലാതെ മാസം രണ്ടായി. കണ്ണൂരിൽ 30 ന് വിരമിക്കാനിരിക്കുന്നു. ഫയലുകൾ ഓഫീസിൽ കെട്ടി കിടക്കുകയാണെന്ന പരാതിയുമുണ്ട്. തന്നെ ഔദ്യോഗികമായി ചുമതല ഏൽപ്പിച്ചിട്ടില്ലെന്നാണ് ജോയിന്റ് ആർ.ടി.ഒ പറയുന്നതെന്ന് ഇവർ ആരോപിക്കുന്നു. 27 ന് നടത്താനിരുന്ന ആർ.ടി.എ ബോർഡ് യോഗവും മാറ്റിയിട്ടുണ്ട്. വിവാഹ ആവശ്യങ്ങൾക്കായി സ്‌പെഷ്യൽ സർവീസ് നടത്തേണ്ട ലൈൻ ബസുകൾ നൽകിയ അപേക്ഷകൾ പരിശോധിക്കാതിരുന്നതോടെ കഴിഞ്ഞ ദിവസം പ്രതിഷേധിക്കേണ്ടി വന്നെന്നാണ് ഇവർ പറയുന്നത്.
രേഖകളിൽ നിസാരം, കാര്യം നടക്കാൻ ഭീകരം
ഔദ്യോഗികമായി 300 രൂപ ഫീസ് ആവശ്യമുള്ള കാര്യം നടക്കാൻ 1300 വരെയാണ് ഏജന്റുമാർ വാഹന ഉടമകളിൽ നിന്നും ഈടാക്കുകയെന്നാണ് പറയുന്നത്. ഇതിൽ 100 രൂപ മാത്രമാണ് തങ്ങൾക്ക് കിട്ടുന്നതെന്നും ബാക്കി ഉദ്യോഗസ്ഥർക്കുള്ള വിഹിതമാണെന്നും ഇവർ ആരോപിക്കുന്നു. പലരുടെയും ഫയലുകൾ ദിവസവും കൈകാര്യം ചെയ്യുമ്പോൾ മോശമല്ലാത്ത തുക ഇവർക്കും ലഭിക്കും. ഫയലുകളിൽ കോഡ് ഭാഷകളിൽ ഏജന്റുമാരുടെ പേര് രേഖപ്പെടുത്തിയാണ് ഉദ്യോഗസ്ഥരുടെ ആശയ വിനിമയം .
കൈമടക്ക് കൃത്യമായി തരുന്നവരുടെ രേഖകൾ വേഗത്തിൽ ശരിയാകും. അല്ലാത്തവർക്ക് പിന്നെയും നടക്കേണ്ടി വരും. ഇങ്ങനെ ഒറ്റകാര്യത്തിന് നാലു തവണ വരെ നടത്തിക്കുന്നവർ കണ്ണൂരിലുണ്ടത്രെ. ഓരോ വിഭാഗം വാഹനങ്ങളുടെ ഫയലുകൾ ചില പ്രത്യേക ഏജന്റുമാരെ മാത്രം ഏൽപ്പിച്ച് ഓരോ വൈകുന്നേരങ്ങളിലാണ് പണം പിരിക്കുന്നത്. ഇത് കൃത്യമായി ഉദ്യോഗസ്ഥരുടെ കൈകളിലെത്തും.
ഓട്ടോ റിക്ഷകളുടെ വാർഷിക പരിശോധന തുക 100 ൽ നിന്ന് 350 ആയും പിക്ക് അപ്പിന് 500ൽ നിന്ന് 700 ആയും കൂട്ടിയിട്ടുണ്ട്. അടുത്തിടെ വിജിലൻസ് റെയ്ഡിൽ ഒരു ഏജന്റിനെ ഫയലുകളുമായി പിടികൂടിയിരുന്നു. എന്നാൽ തുടർ നടപടികൾ മുക്കി. മോട്ടോർ വാഹന വകുപ്പിലെ നടപടികൾ സുതാര്യമാക്കുമെന്ന് പറയുമ്പോഴും കൈമടക്കില്ലാതെ കാര്യങ്ങൾ നടക്കുന്നില്ലെന്നാണ് വാഹനയുടമകളുടെ ആരോപണം.