anthoor-

കണ്ണൂർ: പ്രവാസി വ്യവസായി സാജൻ ജീവനൊടുക്കിയ സംഭവത്തിൽ നഗരസഭാ അദ്ധ്യക്ഷ പി.കെ. ശ്യാമളയ്ക്കെതിരേ അന്വേഷണ സംഘത്തിന് പ്രാഥമികമായി തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് സൂചന. സാജൻ ആത്മഹത്യ ചെയ്തത് ഉദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ സമീപനത്തെ തുടർന്നാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കണ്ണൂർ നർകോട്ടിക് സെൽ ഡിവൈ.എസ്.പി വി.എ. കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സംഘം സാജന്റെ ബന്ധുക്കളിൽ നിന്നു മൊഴിയെടുത്തിരുന്നു. സാജന്റെ വീട്ടിൽ നിന്നു കണ്ടെടുത്ത ഡയറിയും അന്വേഷണ സംഘം വിശദമായി പരിശോധിച്ചു.

സാജന്റെ കൺവെൻഷൻ സെന്ററിന് അനുമതി നിഷേധിക്കാൻ ശ്യാമള ഇടപെട്ടുവെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം ശ്യാമളയുടെ ഇടപെടലുകളെക്കുറിച്ച് പരിശോധിച്ചത്. എന്നാൽ നഗരസഭാ അദ്ധ്യക്ഷ ഇത്തരമൊരു നീക്കം നടത്തിയിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ. കെട്ടിടത്തിന് അനുമതി നൽകാൻ എൻജിനിയറിംഗ് വിഭാഗം നടപടി സ്വീകരിച്ചിട്ടും സെക്രട്ടറി അനാവശ്യ ഇടപെടലുകൾ നടത്തിയെന്നാണ് അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. അന്വേഷണം മുന്നോട്ടുപോകുമ്പോൾ കൂടുതൽ പേരെ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. സാജന്റെ ഡയറിക്കുറിപ്പുകളിലൊന്നും ശ്യാമളയുമായി ബന്ധിപ്പിക്കുന്ന തെളിവുകൾ കണ്ടെത്താൻ അന്വേഷണ സംഘത്തിനായില്ല. ഇതോടെ ശ്യാമളയ്ക്കെതിരേ കേസെടുക്കാനുള്ള സാദ്ധ്യത മങ്ങിയിരിക്കുകയാണ്.