കാഞ്ഞങ്ങാട്: ഒടയംചാലിൽ ടൗണിൽ മൂന്നു കടകളിൽ മോഷണം. മൂന്നു ലക്ഷത്തോളം രൂപയുടെ സാമഗ്രികൾ കവർന്നു. ഇന്നലെ പുലർച്ചെയായിരുന്നു മോഷണം.

ഒടയംചാൽ- കോടോം റോഡിലെ മഞ്ജു സ്റ്റോഴ്‌സ്, കാട്ടുവള്ളി സ്റ്റോഴ്സിന്റെ രണ്ടു കടകൾ എന്നിവിടങ്ങളിലായിരുന്നു മോഷണം. അയറോട്ടെ ടി.സി. ബാലൻ നടത്തുന്ന മഞ്ജു സ്റ്റോഴ്‌സിന്റെ ഗ്രിൽസ് പൂട്ട് തകർത്ത് അകത്തുകടന്ന് ഷട്ടർ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. ഏഴു ക്വിന്റൽ വരുന്ന പത്തു ചാക്ക് കൊട്ടടയ്ക്ക, നാലു ചാക്ക് കുരുമുളക് ഉൾപ്പെടെ രണ്ടു ലക്ഷത്തോളം രൂപയുടെ സാധനങ്ങളാണ് ഇവിടെ നിന്നു നഷ്ടപ്പെട്ടത്. ഉദയപുരത്തെ ജോജോ കാട്ടുവള്ളിയുടെ കാട്ടുവള്ളി സ്റ്റോഴ്സിൽ നിന്ന് ഒരു ലക്ഷം രൂപയും മോഷണം പോയിട്ടുണ്ട്. കുട്ടിയുടെ അഡ്മിഷനു വേണ്ടി ബാങ്കിൽ നിന്നു വായ്പയെടുത്ത തുക രാത്രി വീട്ടിൽ പോകുമ്പോൾ എടുക്കാൻ മറന്നു പോയതാണ്. സമീപത്തു കുഞ്ഞേട്ടന്റെ അനാദിക്കടയിലും മോഷണം നടന്നു. ഇവിടെ നിന്നു നാണയത്തുട്ടുകൾ നഷ്ടപ്പെട്ടിട്ടുണ്ട്.

വിവരമറിഞ്ഞ് രാജപുരം പൊലീസ് സ്ഥലത്തെത്തി. കടയുടമകളുടെ പരാതി പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. ദിവസങ്ങൾക്കു മുമ്പാണ് അമ്പലത്തറ പാറപ്പള്ളി, ഗുരുപുരം, ഇരിയ എന്നിവിടങ്ങളിൽ മോഷണം നടന്നത്.