കണ്ണൂർ: ജയിലുകളിൽ തടവുകാർക്ക് വി.ഐ.പി പരിഗണന നൽകിയാൽ ജീവനക്കാർക്ക് സസ്പെൻഷൻ ഉൾപ്പടെ കടുത്ത നടപടിയുണ്ടാകുമെന്ന് ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗിന്റെ മുന്നറിയിപ്പ്. ജയിൽ സൂപ്രണ്ടുമാർക്ക് ഇന്നലെ നൽകിയ ഉത്തരവിലാണ് അന്ത്യശാസനം.
കണ്ണൂർ, പൂജപ്പുര, വിയ്യൂർ സെൻട്രൽ ജയിലുകളിൽ രാഷ്ട്രീയ തടവുകാർക്ക് വി.ഐ.പി പരിഗണന കിട്ടുന്നതായി ഇന്റലിജൻസ് വിഭാഗം ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് നൽകിയിരുന്നു. തുടർന്ന് ജയിലുകളിൽ നാലു ദിവസമായി നടത്തിയ റെയ്ഡിൽ മൊബൈൽ ഫോണുകളും ആയുധങ്ങളും ലഹരിവസ്തുക്കളും പിടികൂടിയ സാഹചര്യത്തിലാണ് നിയമങ്ങൾ കർശനമാക്കാനുള്ള തീരുമാനം.
ചില തടവുകാർക്ക് ജയിലിനു പുറത്തു നിന്ന് ഭക്ഷണം നൽകുന്നതും സന്ദർശകരെ അനുവദിക്കുന്നതും ഫോൺ വിളിക്കാൻ സൗകര്യം നൽകുന്നതും ഡി.ജി.പിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച മറ്റു തടവുകാരിൽ നിന്ന് പിരിവെടുത്ത് രാഷ്ട്രീയ തടവുകാർക്ക് ഉപയോഗിക്കാൻ ടിവി വാങ്ങിയതിന്റെ പേരിൽ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.
തടവുകാർക്ക് ചട്ടമനുസരിച്ചു മാത്രം സന്ദർശകരെ അനുവദിച്ചാൽ മതിയെന്നാണ് പുതിയ നിർദ്ദേശം.
തടവുകാർക്ക് പ്രത്യേക പരിഗണന നൽകുന്നത് എത്ര മുതിർന്ന ഉദ്യോഗസ്ഥനായാലും നടപടി സ്വീകരിക്കുമെന്നാണ് ഉത്തരവ്.
ഫോൺ പിടിച്ചാൽ
2500 രൂപ സമ്മാനം
ജയിലുകളിൽ തടവുകാരിൽ നിന്ന് മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുന്ന ഉദ്യോഗസ്ഥന് 2500 രൂപ പാരിതോഷികം നൽകും. സംസ്ഥാനത്തെ ജയിലുകളിൽ നടന്ന റെയ്ഡുകളിൽ നൂറുകണക്കിന് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിരുന്നു. ദിവസവും റെയ്ഡിന് ഡി.ജി.പി നിർദേശം നൽകിയിട്ടുണ്ട്. ഫോണുകൾ പിടിച്ചെടുത്ത ഉദ്യോഗസ്ഥന്റെ പേര് ഡി.ജി.പിയെ അറിയിച്ചാൽ പാരിതോഷികം ഉടൻ നൽകും.