കാസർകോട് : പ്രവാസി സുഹൃത്തുക്കളുടെ ഷോപ്പിംഗ് കോംപ്ലെക്‌സിന് വഴിയോരക്കച്ചവടക്കാർ വഴിമുടക്കിയ സംഭവത്തിൽ പുല്ലൂർ പെരിയ പഞ്ചായത്ത് സെക്രട്ടറി കളക്ടറെയും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറേയും തെറ്റിദ്ധരിപ്പിച്ച് റിപ്പോർട്ട് നൽകിയതായി രേഖകൾ. ഏപ്രിൽ 20നാണ് പഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് നൽകിയത്. ഹൈക്കോടതി വിധിയനുസരിച്ച് വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാതെയാണ് ഒഴിപ്പിച്ചതായി റിപ്പോർട്ട് നൽകി തെറ്റിദ്ധരിപ്പിച്ചത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ്. നായരുടെ മകനും പ്രവാസിയുമായ പി.കെ ജയകുമാർ ജില്ലാ കളക്ടർ ഡോ. സുജിത് ബാബുവിന് നൽകിയ പരാതിക്കുള്ള മറുപടിയിലാണ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ടി. ജെ. അർജുൻ റിപ്പോർട്ടിനെ കുറിച്ച് പ്രതിപാദിക്കുന്നത്.
കളക്ടറാണ് അഞ്ചുമാസം മുമ്പ് അന്വേഷണത്തിന് നിർദ്ദേശിച്ചത്.
പ്രവാസികളായ ജയകുമാർ, ഷനോജ് കണ്ണൻ, തുളസീധരൻ എന്നിവരാണ് രണ്ടര കോടി ചെലവിട്ട് വ്യാപാര സമുച്ചയം പണിയുന്നത്. കെ പി. സി. സി ഭാരവാഹിയായിരുന്ന പി. ഗംഗാധരൻ നായരുടെ 40 സെന്റ് സ്ഥലം വങ്ങിയാണ് പണി തുടങ്ങിയത്. സ്ഥലം എടുക്കും മുമ്പേ വഴിയോര കച്ചവടക്കാർ രംഗത്തുവന്നിരുന്നു. വ്യാപാരികളും വഴിയോര കച്ചവടക്കാരും തമ്മിൽ മുമ്പ് തർക്കം ഉണ്ടായപ്പോൾ കളക്ടർ മുഴുവൻ പെട്ടിക്കടകളും എടുത്തുമാറ്റിയിരുന്നു. എന്നാൽ ഗംഗാധരൻ നായരുടെ സ്ഥലത്തിന്റെ മതിലിനു സമാന്തരമായി വീണ്ടും പെട്ടിക്കടകൾ സ്ഥാപിച്ചു. വാഹനം കയറ്റാനുള്ള ഗേറ്റ് പോലും തടഞ്ഞു. പ്രവാസികൾ സ്ഥലം വാങ്ങിയതിന് ശേഷം സി. പി . എം, സി. ഐ. ടി. യു നേതാക്കൾ സംസാരിച്ചത് പ്രകാരം നാല് മീറ്റർ വഴി നൽകി. കെട്ടിടം പൂർത്തിയാകുമ്പോൾ മുഴുവൻ പെട്ടിക്കടകളും മാറ്റാമെന്ന് ഉറപ്പും നൽകിയിരുന്നു. കെട്ടിടം പണി കഴിഞ്ഞതോടെ വഴിയോര കച്ചവടക്കാരും സംഘടനയും നിലപാട് മാറ്റിയെന്നാണ് പ്രവാസികൾ പറയുന്നത്.
.