ചെറുവത്തൂർ: ചെറുവത്തൂർ റെയിൽവേ സ്റ്റേഷനിലെ ഇരു പ്ളാറ്റുഫോമുകളെ ബന്ധിച്ചിരുന്ന നടപ്പാലം കിഴക്കു ഭാഗത്തെ മൂന്നാമത്തെ റെയിൽവേ ട്രാക്കിന് വെളിയിലേക്ക് നീട്ടുന്നതിനുള്ള തടസ്സം നീങ്ങി. മേൽപ്പാലം ലാൻഡ് ചെയ്യേണ്ട സ്ഥലത്തെ സ്വകാര്യ വ്യക്തിയുടെ പഴഞ്ചൻ കെട്ടിടം പൊളിച്ചുമാറ്റാനുള്ള നടപടി ഉടമ സ്വീകരിച്ചതോടെയാണ്, മേൽപ്പാലം നിർമ്മാണത്തിലെ അനിശ്ചിതത്വം നീങ്ങിയത്.
റെയിൽവേ സ്റ്റേഷന്റെ കിഴക്കുഭാഗത്തുനിന്നാണ് ഭൂരിപക്ഷം യാത്രക്കാരും സ്റ്റേഷനിലെത്തുന്നത്. എന്നാൽ സമനിരപ്പിൽ നിന്നും ഒരു മീറ്ററോളം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്ലാറ്റുഫോമിൽ കയറിപ്പറ്റാനായി സ്ത്രീകളും കുട്ടികളും മുതിർന്ന പൗരന്മാരുമൊക്കെ ഏറെ ക്ലേശങ്ങൾ അനുഭവിക്കേണ്ട നിലയിലായിരുന്നു. ഇതേ തുടർന്ന് യാത്രക്കാരുടെയും പൊതു പ്രവർത്തകരുടെയും നിരന്തരമായ പരാതിയെ തുടർന്നാണ് മേൽപ്പാലം കിഴക്ക് ഭാഗത്തെ മൂന്നാമത്തെ ട്രാക്കിനും വെളിയിലേക്ക് നീട്ടാൻ റെയിൽവേ പദ്ധതി തയ്യാറാക്കിയത്. എന്നാൽ മേൽപ്പാലം ലാൻഡ് ചെയ്യുന്ന സ്ഥലത്ത് നിലവിലുള്ള കെട്ടിടം പൊളിച്ചു മാറ്റേണ്ടത് അനിവാര്യമായി വന്നു. പക്ഷെ നഷ്ടപരിഹാരം ലഭിക്കാതെ കെട്ടിടം പൊളിക്കാൻ ഉടമ തയ്യാറാകാതെ നിന്നതോടെ പാലത്തിന്റെ നിർമ്മാണം അനിശ്ചിതത്വലാകുകയായിരുന്നു.
കരാറുകാരൻ പദ്ധതി ഉപേക്ഷിക്കുമെന്ന ഘട്ടത്തിലേക്ക് നീങ്ങുമെന്നായതോടെ ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് അധികൃതരും വികസന സമിതി പ്രവർത്തകരും തടസ്സം നിൽക്കുന്ന കെട്ടിട ഉടമയെ കണ്ട് ,പാലം കടന്നു പോകുന്ന ഭാഗം
പൊളിക്കുമ്പോൾ കെട്ടിടത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുമെന്ന തീരുമാനം അറിയിച്ചതോടെയാണ്
പാലം നീട്ടുന്ന പ്രവർത്തി തുടരാനുള്ള നടപടികൾ ആരംഭിച്ചത്.