vilakku

കണ്ണൂർ: മലബാറിലെ ക്ഷേത്രം ജീവനക്കാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച് മലബാർ ദേവസ്വം ബോർഡ് ഉപസമിതിയുടെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ നാളെ നടക്കുന്ന ദേവസ്വം ബോർഡ് യോഗം നിർണായകമാകും. ഈ യോഗം തീരുമാനമെടുത്ത് ശമ്പളപരിഷ്കരണത്തിനായി സർക്കാരിനോട് ശുപാർശ ചെയ്യും. ഇതോടെ ഒരു പതിറ്റാണ്ടിലേറെ തുടരുന്ന മലബാറിലെ ക്ഷേത്ര ജീവനക്കാരുടെ ദുരിതങ്ങൾക്ക് ഒരു പരിധി വരെ അറുതിയാകും. ബോർഡിന് കീഴിലെ രണ്ടായിരത്തോളം വരുന്ന ക്ഷേത്രങ്ങളിലെ ഏഴായിരത്തോളം ജീവനക്കാർക്ക് 2000 രൂപ ഇടക്കാലാശ്വാസം അനുവദിക്കാൻ കഴിഞ്ഞ ആഴ്ച ബോർഡ് തീരുമാനിച്ചിരുന്നു.

ജീവനക്കാരുടെ കാര്യങ്ങളിൽ മുഖം തിരിഞ്ഞു നിൽക്കുന്ന മലബാർ ദേവസ്വം ബോർഡിനെതിരെ ഹൈക്കോടതി അന്ത്യശാസനവും നൽകിയിരുന്നു. മൂന്നു മാസത്തിനകം ജീവനക്കാരുടെ സേവന, വേതന കാര്യങ്ങളിൽ തീരുമാനമുണ്ടാകണമെന്ന് ഉത്തരവിൽ പറഞ്ഞിരുന്നു. ക്ഷേത്ര ജീവനക്കാരുടെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി സർക്കാർ നിയോഗിച്ച കമ്മിറ്റി റിപ്പോർട്ട് നൽകിയിട്ടും നടപടിയുണ്ടാകാത്തതിലാണ് ഹൈക്കോടതി അന്ത്യശാസനം നൽകിയിരുന്നത്.

ശമ്പളപരിഷ്കരണം ആർക്കൊക്കെ?

മേൽശാന്തി, കീഴ്ശാന്തി, മാനേജർ, യു..ഡി.. ക്ളാർക്ക്, എൽ..ഡി.. ക്ളാർക്ക്, വാദ്യം, കഴകം, അറ്റൻഡർ, കാവൽക്കാരൻ, അടിച്ചുതളി, വെളിച്ചപ്പാട്, കോമരം തുടങ്ങിയവർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. അതേ സമയം നാൽപതോളം വരുന്ന എക്സിക്യൂട്ടീവ് ഓഫീസർമാർ ശമ്പളപരിഷ്കരണത്തിന്റെ പരിധിയിൽ വരില്ല. ബോർഡിന്റെ നടപടിയിൽ എക്സിക്യൂട്ടീവ് ഓഫീസർമാർക്ക് കടുത്ത പ്രതിഷേധമുണ്ട്.തങ്ങൾക്ക് അർഹമായ പരിഗണന വേണമെന്ന് ആവശ്യപ്പെട്ട് എക്സിക്യൂട്ടീവ് ഓഫീസർമാർ മുഖ്യമന്ത്രിയ്ക്കും ദേവസ്വം മന്ത്രിക്കും നിവേദനം നൽകുന്നുണ്ട്.

വേണ്ടത് 50 കോടി

ശമ്പളപരിഷ്കരണം നടപ്പിലാക്കാൻ മലബാർ ദേവസ്വം ബോർഡിന് 50 കോടിയോളം രൂപ വേണം.. എന്നാൽ ഇതിന് ആരുടെ വാതിലിൽ മുട്ടണമെന്നാണ് ദേവസ്വം ബോ‌ർഡ് ചോദിക്കുന്നത്.. സർക്കാരിൽ നിന്ന് ചുരുങ്ങിയത് 100 കോടിയെങ്കിലും കിട്ടണമെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്. മലബാർ ദേവസ്വം ബോർഡ് തിരുവിതാംകൂർ, തിരുകൊച്ചി ദേവസ്വം ബോർഡിന് സമാനമാക്കിയാൽ മാത്രമേ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമാവൂ എന്ന് യൂണിയനുകൾ പറയുന്നു.

പ്രതിവർഷം ഒരുകോടിയിലധികം വരുമാനമുള്ള സ്‌പെഷ്യൽ ഗ്രേഡ് ക്ഷേത്രങ്ങളിലെയോ 75 ലക്ഷത്തിലധികം വരുമാനമുള്ള എ ഗ്രേഡ് ക്ഷേത്രങ്ങളിലെയോ ജീവനക്കാർക്ക് പ്രശ്‌നങ്ങളിങ്കിലും ചെറുകിട ക്ഷേത്രങ്ങളിലെ ജീവനക്കാർ കടുത്ത ദുരിതത്തിലാണ്. പത്ത് വർഷം മുൻപുള്ള ശമ്പളപരിഷ്‌കരണമനുസരിച്ചുള്ള ശമ്പളം പോലും ഇപ്പോൾ ലഭിക്കുന്നില്ലെന്നാണ് പരാതി.

മലബാർദേവസ്വം ബോർഡിന് കീഴിലുള്ള 1356 ക്ഷേത്രങ്ങളിൽ സി, ഡി ഗ്രേഡുകളിലുള്ള ക്ഷേത്രങ്ങളിലെ ജീവനക്കാർക്ക് കിട്ടാനുള്ള കുടിശ്ശികയും ഏറെയാണ്. ക്ഷേത്രത്തിന്റെ വാർഷിക കണക്കുകൾ മാർച്ചിനു മുമ്പ് ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർമാർക്ക് ലഭിച്ചാൽ മാത്രമേ സർക്കാർ ഫണ്ടിൽ നിന്ന് നിശ്ചിത തുക അനുവദിക്കാനാവൂ. ട്രസ്റ്റിമാർ ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്നുണ്ട്. സ്വന്തമായി ഫണ്ട് ഉണ്ടായിട്ടും ഉദ്യോഗസ്ഥരുടെ വീഴ്ച കാരണമാണ് ശമ്പളം ലഭിക്കാത്തതെന്ന് യൂണിയനുകൾ കുറ്റപ്പെടുത്തുമ്പോൾ ട്രസ്റ്റിമാരുടെ നിരുത്തരവാദമായ സമീപനമാണ് കുടിശ്ശിക നൽകാൻ തടസ്സമെന്ന് ദേവസ്വം അധികൃതരും പറയുന്നു.