കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ അതിബുദ്ധിമാന്മാരായ തടവുകാർ ഏറെയുണ്ട്. ഒരു പക്ഷേ നമ്മുടെ ശാസ്ത്രലോകത്തെ തോല്പിക്കുന്ന വമ്പന്മാർ വരെ ഇവിടെയുണ്ട്. സെൻട്രൽ ജയിലിലെ മൊബൈൽ ജാമർ എങ്ങനെ നശിപ്പിക്കാമെന്നായിരുന്നു അവരുടെ ഗവേഷണം. കേബിളുകൾ മുറിച്ച് മാറ്രാനാണ് ആദ്യം തീരുമാനിച്ചത്. രണ്ട് തവണ മുറിച്ചു. എന്നാൽ ജീവനക്കാർ ഇത് പുനഃസ്ഥാപിച്ചു. ഇതോടെ ആറാം ബ്‌ളോക്കിലെ ചില തടവുകാർക്ക് പുതിയ ഉപായം തലയിൽ കയറി. രണ്ട് ദിവസം ആലോചിച്ച ശേഷമാണ് ഇവരുടെ ഗവേഷണ ഫലം പുറത്ത് വന്നത്.
തടവുകാർക്ക് ഭക്ഷണത്തിനൊപ്പം ഉപ്പ് നൽകിയിരുന്നു. ഉപ്പ് ശേഖരിച്ചു വച്ച ശേഷമാണ് തടവുകാർ പണി തുടങ്ങിയത്. തടവുകാർ എന്ത് ചോദിച്ചാലും നൽകണമെന്നാണ് അന്നത്തെ സൂപ്രണ്ട് ജീവനക്കാർക്ക് നിർദ്ദേശം നൽകിയിരുന്നത്. അതുകൊണ്ട് ആവശ്യത്തിനും അല്ലാതെയും ഇവർ ഉപ്പ് ചോദിച്ചു കൊണ്ടേയിരുന്നു. ഈ ഉപ്പ് മൊബൈൽ ജാമറിന്റെ മണ്ണിനടിയിലെ യന്ത്രഭാഗങ്ങളിൽ ഇട്ട് അതു നശിപ്പിക്കുകയായിരുന്നു. തടവുകാർ ജാമറിന്റെ യന്ത്രഭാഗങ്ങൾക്കടുത്ത് കൂട്ടം കൂടി നിൽക്കുമ്പോഴും ജീവനക്കാർക്ക് സംശയം തോന്നിയിരുന്നില്ല. പക്ഷേ രണ്ട് ദിവസം കൊണ്ട് ജാമർ നിശ്ചലമായി. കെൽട്രോണിന്റെയും മറ്റും സാങ്കേതിക വിദഗ്ദ്ധർ വന്ന് പരിശോധിച്ചപ്പോഴാണ് ജാമറിന് പറ്റിയ അമളി മനസിലാക്കിയത്. ഇതോടെ ജീവനക്കാർ ശരിക്കും വെള്ളം കുടിച്ചു.
ചെലവായത് 25 ലക്ഷം
നിന്നത് നാല് മാസം
25 ലക്ഷം രൂപ മുടക്കിയാണ് കണ്ണൂർ സെൻട്രൽ ജയിലിൽ 2010ൽ മൊബൈൽ ജാമർ സ്ഥാപിച്ചത്. ജയിൽ പരിസരത്ത് പോലും ആദ്യഘട്ടത്തിൽ മൊബൈൽ റേയ്ഞ്ച് കിട്ടിയിരുന്നില്ല. അത്രയും തീവ്രത കൂടിയതായിരുന്നു ജാമർ. എന്നാൽ നാല് മാസം മാത്രമാണ് ആകെ ഇതിനു ജീവനുണ്ടായിരുന്നത്. ജാമർ ചത്തപ്പോൾ ഫോൺ വിളി അൺലിമിറ്റഡ് ആയി .
ഇനി വേണ്ടത് 4 ജി ജാമർ
അന്നു 2 ജി ജാമറാണ് കണ്ണൂർ ജയിലിൽ സ്ഥാപിച്ചിരുന്നത്. എന്നാൽ ഇനി വേണ്ടത് 4 ജി ജാമർ. ഇതിനായി കെൽട്രോണിനു ജയിൽ വകുപ്പ് കത്ത് നൽകിയിട്ടുണ്ട്. ഇപ്പോൾ ജയിലുകളിൽ മൊബൈൽ ഫോൺ പിടിക്കുന്നവർക്ക് ഡി.ജി.പി 2500 രൂപ സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്.