കണ്ണൂർ: കെട്ടിട നിർമ്മാണത്തിന് പെർമിറ്റ് നൽകുകയും പണി പൂർത്തിയായി നമ്പറിനായി വരുമ്പോൾ നല്കാതിരിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥരാണ് കണ്ണൂർ കോർപ്പറേഷനിലുമുള്ളതെന്ന ആരോപണം ഉന്നയിക്കുന്നത് സാധാരണക്കാരല്ല, ഡെപ്യൂട്ടി മേയർ പി.കെ രാകേഷ് തന്നെയാണ്. എൻജിനീയറിംഗ് വിഭാഗത്തിലെ ചില ഉദ്യോഗസ്ഥർ സമാന്തര ഭരണക്കാരായി ചമയുകയാണെന്നാണ് ഇവിടെയുള്ള ആരോപണം. സെക്രട്ടറിയ്ക്ക് മുകളിലെ അധികാരകേന്ദ്രമായി ജനങ്ങളെ പരമാവധി ഉപദ്രവിച്ച് കൈക്കൂലി പറ്റുന്ന സ്ഥിതിയാണുള്ളതെന്നുമാണ് വൈസ് ചെയർമാന്റെ ആരോപണം.
കെട്ടിട നിർമ്മാണ പെർമിറ്റുകൾക്കുള്ള അപേക്ഷകൾ കാര്യക്ഷമമായും അഴിമതിരഹിതമായും കൈകാര്യംചെയ്യുന്നതിന് എല്ലാ നഗരസഭകളിലും വിന്യസിച്ചിട്ടുള്ള ഐ.ബി.പി.എം.എസ് സോഫ്റ്റ് വെയർ വന്നതിന് ശേഷം കഴിഞ്ഞ ഏഴുമാസത്തിനിടെ 240 ഓളം ബിൽഡിംഗ് പെർമിറ്റ് അപേക്ഷകളിൽ 12 എണ്ണത്തിൽ മാത്രമാണ് തീർപ്പാക്കിയത്. ഇതിന് മുൻപ് നൽകിയ ഒട്ടേറെ അപേക്ഷകൾ കെട്ടിക്കിടക്കുന്നു. ഈ ഫയലുകളിൽ തീർപ്പ് കല്പിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായി കെ.ടി ജലീൽ ഉണ്ടായിരുന്ന കാലത്ത് മൂന്ന് തവണ അദാലത്തുകൾ നിശ്ചയിച്ചിരുന്നെങ്കിലും നടപ്പായില്ല. ആഗസ്റ്റ് 2 ന് അദാലത്ത് നടത്താൻ തീരുമാനിച്ചിരിക്കുകയാണിപ്പോൾ
നഗരസഭാ എൻജിനീയറിംഗ് വിഭാഗത്തിന്റെ അനാസ്ഥയ്‌ക്കെതിരെ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ പ്രതിഷേധം ഉയരുന്നുണ്ട്. ആരോഗ്യ വിഭാഗം നഗരത്തിൽ ബയോ ബിൻ സ്ഥാപിക്കാൻ തീരുമാനിച്ചതിന് ഇവരാണ് ഉടക്കിവച്ചതെന്ന് ഭരണപക്ഷത്തെ സി.പി.എം പ്രതിനിധി പ്രമോദും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഇന്ദിരയും ആരോപിക്കുന്നു. സ്ഥലങ്ങൾ അടയാളപ്പെടുത്തി നൽകിയിട്ടാണ് ഈ അനാസ്ഥ.
വീട് നിർമ്മാണത്തിന് റോഡിൽ നിന്നും മൂന്ന് മീറ്റർ അകലം വയ്ക്കണമെന്നാണ് ചട്ടം. അഞ്ച് സെന്റീമീറ്റർ പ്രശ്‌നം ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ച സംഭവം പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. രണ്ട് കൊല്ലം മുൻപായിരുന്നു ഒടുവിൽ അദാലത്ത് നടന്നത്. പിഴ ഈടാക്കി അനുമതി നൽകാമെന്ന ചട്ടം ഉണ്ടായിരിക്കെയാണ് സാധാരണക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ക്രൂരതയെന്ന് ആന്തൂർ നഗരസഭയിൽ കൺവെൻഷൻ സെന്ററിന് അനുമതി നല്കാതിരുന്നതിനെ തുടർന്ന് പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തെ മുൻനിർത്തി ആരോപണമുയരുന്നു.
സോഫ്റ്റ് വെയറിൽ പാഴ്‌ചെലവ്
നേരത്തെ ഉണ്ടായിരുന്ന 'സങ്കേതം' എന്ന സോഫ്റ്റ് വെയർ അപര്യാപ്തമെന്ന് ആരോപിച്ചാണ് ഒറ്റയടിക്ക് ഐ.ബി.പി.എം.എസ് സോഫ്റ്റ് വെയർ നിർമ്മാണാനുമതി നല്കാനായി നടപ്പാക്കിയത്.ഇതോടെ കാര്യങ്ങൾ കുഴഞ്ഞ് മറിഞ്ഞെന്നാണ് സി.പി.ഐ കൗൺസിലറും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ വെള്ളോറ രാജൻ പറയുന്നത്. സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്യാൻ ഒരു കമ്പ്യൂട്ടറിന് 25000 രൂപ വീതം ഈടാക്കി. ഭാവിയിൽ അപ്‌ഡേഷന് വീണ്ടും പണം ഈടാക്കും. കെട്ടിട നിർമ്മാണത്തിന്റെ അപേക്ഷകൾ മാന്വലായി ചെയ്യാമെന്നിരിക്കെ അതുപോലും നടത്തുന്നില്ല. കോഴിക്കോട് കോർപ്പറേഷൻ സ്വതന്ത്രമായി സുലേഖ എന്ന പേരിലുള്ള സോഫ്റ്റ് വെയർ ഉപയോഗിച്ച് കാര്യങ്ങൾ സുഗമമായി നടത്തുന്നുണ്ട്. ഇവിടെ പ്രവർത്തനം മേൽനോട്ടം വഹിക്കുന്ന എൽ.ബി.എസിന് പോലും ഒന്നും ചെയ്യാൻ പറ്റുന്നില്ലെന്നും വെള്ളോറ രാജൻ പറയുന്നു.