തലശ്ശേരി:സ്‌റ്റേഡിയം പുനർനിർമ്മാണത്തിലെ അഴിമതി ഉന്നയിച്ച് തലശ്ശേരി നഗരസഭാ യോഗത്തിൽ പ്രതിപക്ഷ പ്രതിഷേധം.മുൻ കൗൺസിലർ സി.ഒ.ടി നസീറിന് നേരെയുണ്ടായ വധശ്രമത്തിന് പിന്നിലും അഴിമതിയാണെന്ന് ആരോപിച്ച പ്രതിപക്ഷം ചെയർമാൻ വ്യക്തമായ മറുപടി നൽകാത്തതിൽ പ്രതിഷേധിച്ച് യോഗം ബഹിഷ്‌ക്കരിച്ച് നഗരസഭാ കവാടത്തിന് മുന്നിൽ കുത്തിയിരിപ്പ് നടത്തി.

ഇന്നലെ കാലത്ത് കൗൺസിൽ യോഗം ആരംഭിച്ചപ്പോൾ തന്നെ ക്ഷേമപെൻഷൻ തട്ടിയെടുത്ത സംഭവം ഉന്നയിച്ച് കോൺഗ്രസിലെ എം.പി അരവിന്ദാക്ഷനാണ് ഭരണപക്ഷത്തിനെതിരെ ആരോപണമുയർത്തിയത്. സി.പി.എം നേതാവും തലശ്ശേരി സഹകരണ റൂറൽ ബാങ്ക് പിഗ്മിയുമായ കെ.കെ. ബിജുവിനെതിരെ നഗരസഭ എന്തുകൊണ്ട് പൊലീസിൽ പരാതി നൽകിയില്ലെന്ന് അരവിന്ദാക്ഷൻ ചോദിച്ചു. തലശ്ശേരി സ്റ്റേഡിയം നവീകരണകമ്മിറ്റി ചെയർമാനായി സ്പോർട്സുമായി ബന്ധമില്ലാത്ത കെ.കെ. ബിജുവിനെ കൺവീനറാക്കിയത് എന്തർത്ഥത്തിലാണെന്നും പ്രതിപക്ഷം ചോദിച്ചു. കമ്മറ്റി പിരിച്ച് വിട്ട് കൺവീനറെ മാറ്റണമെന്നും അരവിന്ദാക്ഷൻ നിർദ്ദേശിച്ചു.
മുൻ കൗൺസിലർ സി.ഒ.ടി നസീറിനെ അക്രമിച്ച സംഭവം സാജിത യോഗത്തിൽ ഉന്നയിച്ചതോടെയാണ് യോഗം വാക്കേറ്റത്തിലെത്തി. ഇത് കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യേണ്ടതില്ലെന്നായിരുന്നു ചെയർമാൻ സി.കെ രമേശന്റെ വിശദീകരണം. ചെയർമാൻ വ്യക്തമായ മറുപടി നൽകാതെ സൂപ്പർമാൻ ചമയുകയാണെന്നായിരുന്നു പ്രതിപക്ഷനിരയിലെ സാജിതയുടെ ആരോപണം..ഇതിൽ പ്രകോപിതരായ ഭരണപക്ഷം ആരോപണം പിൻവലിക്കണമെന്ന് ആവശ്യമുയർത്തി.
മെക്കാഡത്തിന് പകരം ഇന്റർലോക്ക് പതിച്ചതിനാൽ തലശ്ശേരി ലോഗൻസ് റോഡ് ദിവസങ്ങൾക്കുള്ളിൽ തകർന്നതിന് പിന്നിൽ വൻഅഴിമതിയുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു.കൊടുവള്ളി വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ ഒന്നാം ക്ലാസ് ഒന്നാംതരമാക്കുകയെന്ന പദ്ധതിയുടെ ഭാഗമായി പിരിച്ചെടുത്ത പണത്തിന്റെ കണക്ക് ബോധിപ്പിച്ചില്ലെന്ന് ആരോപിച്ച് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സുമേഷ് സാജിതക്കെതിരെ പ്രതിരോധം തീർത്തു. എന്നാൽ ഇതിന്റെ കണക്ക് പറയേണ്ടത് സി.പി.എം കൗൺസിലറായ പി.ടി.എ പ്രസിഡന്റണെന്നായിരുന്നു സാജിതയുടെ മറുപടി .
ക്ഷേമപെൻഷൻ തട്ടിപ്പുമായ് ബന്ധപ്പെട്ട് സി.പി.എം നേതാവ് പണം തട്ടിയപ്പോൾ സർക്കിൾ സഹകരണ യൂനിയൻ നേതാവുകൂടിയായ ചെയർമാൻ പോലീസിൽ പരാതി നൽകാത്തത് തികഞ്ഞ അലംഭാവമാണെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാൽ ക്ഷേമ പെൻഷൻ വീടുകളിലെത്തിക്കാൻ സർക്കാർ സഹകരണ ബാങ്കുകളെയാണ് ചുമതലപ്പെടുത്തിയെതന്നും വീഴ്ച വരുത്തിയാൽ അവർക്കെതിരെ നടപടി സ്വീകരിക്കുന്നത് ബാങ്കുകളാണെന്നും ചെയർമാൻ മറുപടി നൽകി. ഈ മറുപടിയിൽ തൃപ്തരാകാതെ പ്രതിപക്ഷം കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങി പോയി കവാടത്തിൽ കുത്തിയിരിക്കുകയായിരുന്നു.
അഡ്വ.രത്‌നാകരൻ, മാജിതാ അഷ്ഫാഖ്, കെ.ലിജേഷ്, കെ.വിനയരാജ്, വാഴയിൽ വാസു, കെ.സുനിൽ ,വിജയൻ മാസ്റ്റർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.