കണ്ണൂർ: പ്രവാസി വ്യവസായി സാജൻ ആത്മഹത്യചെയ്ത സംഭവത്തിൽ പാർത്ഥാ കൺവെൻഷൻ സെന്ററിന്റെ ഓഫീസിലും ആന്തൂർ നഗരസഭയിലും പൊലീസ് നടത്തിയ പരിശോധന പൂർത്തിയായി. ആന്തൂർ നഗരസഭയിൽ നിന്ന് എട്ട് ഫയലുകളും സാജന്റെ ഓഫീസിൽ നിന്ന് ആറു ഫയലുകളും കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് തുടങ്ങിയ പരിശോധന ഇന്നലെ പുലർച്ചെ മൂന്നിനാണ് തീർന്നത്. ഡിവൈ.എസ്.പി വി.എ. കൃഷ്ണദാസ്, വളപട്ടണം സി.ഐ എം. കൃഷ്ണൻ, എസ്.ഐ പി. വിജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് കൺവെൻഷൻ സെന്ററിലെ ഓഫീസും നഗരസഭാ ഓഫീസും പരിശോധിച്ചത്.
പാർത്ഥാ കൺവെൻഷൻ സെന്റർ പ്രോജക്ട് മാനേജർ സജീവനിൽ നിന്നും മൊഴിയെടുത്തിരുന്നു. നഗരസഭയിലും സാജന്റെ ഓഫീസിലും ബാക്കിയുള്ളവരിൽ നിന്ന് മൊഴിയെടുത്തു വരികയാണ്. ഓഫീസിലെ നാലു ജീവനക്കാരുടെ മൊഴി വീണ്ടും ശേഖരിക്കുന്നുണ്ട്. സി.സി ടിവി കാമറകളിലെ ദൃശ്യങ്ങളും പരിശോധിക്കും. കണ്ണൂരിൽ ഏഴ് ബാങ്കുകളിൽ അക്കൗണ്ടുള്ള സാജന് കൺവെൻഷൻ സെന്ററിന്റെ പേരിൽ സഹകരണ ബാങ്കിൽ 50 ലക്ഷം രൂപയുടെ വായ്പയും മറ്റൊരു ബാങ്കിൽ അഞ്ചുലക്ഷം രൂപയുടെ വ്യക്തിഗത വായ്പയും മാത്രമാണുള്ളത്.