കണ്ണൂർ: നിരോധിത ലഹരികളുടെ വ്യാപനത്തിനെതിരെ മുഖം നോക്കാതെ നടപടിയെടുക്കാൻ കഴിയുന്ന ഉദ്യോഗസ്ഥരെയാണ് നാടിനാവശ്യമെന്നും നിരോധനം കൊണ്ട് സമൂഹത്തിലെ മദ്യാസക്തി ഇല്ലാതാക്കാനാവില്ലെന്നും കഥാകൃത്ത് ടി പത്മനാഭൻ. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എക്‌സൈസ് വകുപ്പ് സംഘടിപ്പിച്ച ബോധവൽക്കരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തെവിടെയും മദ്യനിരോധനം വിജയിച്ചിട്ടില്ല. നികുതിയെന്ന ലക്ഷ്യം മുൻനിർത്തി എല്ലാ സർക്കാരുകളും നേരിട്ടോ അല്ലാതെയോ മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നവരാണ്. കോടതികൾ പോലും ഇതിൽ നിന്ന് മുക്തരല്ലെന്ന തോന്നൽ ജനങ്ങൾക്കുണ്ട്. ദേശീയ പാതയിൽ നിന്ന് 500 മീറ്റർ അകലെ മാത്രമേ മദ്യവിൽപ്പനശാലകൾ പാടുള്ളൂവെന്ന് പറഞ്ഞ കോടതി പിന്നീട് അന്തിമവിധിയിൽ ദൂരപരിധി കുറയ്ക്കുന്നത് നാം കണ്ടതാണെന്നും ടി പത്മനാഭൻ ചൂണ്ടിക്കാട്ടി. മയക്കുമരുന്നിന്റെ ഉപഭോഗം വലിയ തോതിൽ വ്യാപിച്ചിരിക്കുന്നു. ലഹരിക്കടിമപ്പെടുന്നവരിൽ ഭൂരിഭാഗവും വിദ്യാർഥികളാണ്. മദ്യത്തേക്കാൾ അപകടകരമായ മയക്കുമരുന്നുകൾ വിവിധ രൂപത്തിലാണ് നമുക്കിടയിൽ പ്രചരിക്കുന്നത്. ദൂഷ്യഫലങ്ങളെക്കുറിച്ച് അറിയാതെയല്ല പലരും ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അദ്ധ്യക്ഷത വഹിച്ചു. മേയർ ഇ. പി. ലത മുഖ്യാതിഥിയായി. എ.ഡി.എം ഇ മുഹമ്മദ് യൂസുഫ് ലഹരിവിരുദ്ധ സന്ദേശം നൽകി. കോർപ്പറേഷൻ കൗൺസിലർ അഡ്വ. ലിഷ ദീപക്, ജില്ലാ പഞ്ചായത്ത് അംഗം അജിത് മാട്ടൂൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ .കെ. പത്മനാഭൻ, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ പി. കെ. സുരേഷ്, റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ പി എൻ ശിവൻ, ഡി.ഡി.ഇ ടി .പി. നിർമ്മലദേവി, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി .കെ. ബൈജു, അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ ഷാജി എസ് രാജൻ, പ്രസ് ക്ലബ്ബ് പ്രസിഡന്റ് എ കെ ഹാരിസ്, തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് പി സി പ്രഭുനാഥ് അവതരിപ്പിച്ച രസതന്ത്രം ഏകപാത്ര നാടകവും ദി ലോക്ക് ഷോർട്ട് ഫിലിമും അരങ്ങേറി