കൂത്തുപറമ്പ്:തൊക്കിലങ്ങാടിയിൽ ബൈക്കുകൾക്ക് മുകളിലേക്ക് വൈദ്യുതി ലൈൻ പൊട്ടിവീണ് 3 ബൈക്ക് യാത്രക്കാർക്ക് പരക്കേറ്റു. ഇന്നലെ രാവിലെ ഏഴര മണിയോടെ തൊക്കിലങ്ങാടി കൊട്ടിയൂർ റോഡിൽ മരം വൈദ്യുതി ലൈനിലേക്ക് കടപുഴകി വീണായിരുന്നു അപകടം. കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്‌കൂൾ കോമ്പൗണ്ടിലെ മരം ഇലട്രിക് ലൈനിലേക്ക് പൊട്ടിവീഴുകയായിരുന്നു. മരം വീണ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് മുറിഞ്ഞ് റോഡിലേക്ക് വീണാണ് ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റത്. സാരമായി പരിക്കേറ്റ മാനന്തേരി സ്വദേശി പ്രഗിത്തിനെ (30) തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പഴയ നിരത്തിലെ കെ.ഷെറീന (42) കെ.അഞ്ജിത (17) എന്നിവരെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പൊട്ടിവീണ വൈദ്യുതി കമ്പികൾക്കിടയിൽ നിന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്ന് ബൈക്ക് യാത്രക്കാർ പറഞ്ഞു. കൂത്തുപറമ്പ് ഫയർ ആൻഡ് റെസ്‌ക്യൂ സേനഅംഗങ്ങൾ സ്ഥലത്തെത്തിയാണ് റോഡിൽ നിന്നും മരം മുറിച്ചു നീക്കിയത്. റോഡിന് കുറുകെ മരം വീണതിനെ തുടർന്ന് ഏറെ നേരം തൊക്കിലങ്ങാടിനിടുംപൊയിൽ റോഡിൽ വാഹന ഗതാഗതം തടസ്സപ്പെട്ടു. പ്രധാന ലൈനിൽ മരംവീണതിനെ തുടർന്നു തൊക്കിലങ്ങാടി ടൗണിലും പരിസരങ്ങളിലും വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു.സംഭവമറിഞ്ഞ് കൂത്തുപറമ്പ് പൊലീസും സ്ഥലത്തെത്തിയിരുന്നു