കാസർകോട്: ലോക മയക്കുമരുന്ന് വിരുദ്ധ ദിനമായ ഇന്നലെ സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ ട്രെയിനിലോ ബസിലോ വന്നിറങ്ങിയവരെ വരവേറ്റത് മയക്കുമരുന്ന് ഉപേക്ഷിക്കൂ മനുഷ്യനാകൂ എന്ന മുദ്രാവാക്യവും ലഘുലേഖകളുമായി ചെഗുവേരയുടെ ചിത്രമുള്ള ടീഷർട്ടിട്ടു നിന്ന സ്ത്രീകളടക്കമുള്ള വോളണ്ടിയർമാരാണ്. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് ലഹരിയുടെ നീരാളിപ്പിടുത്തത്തിൽ നിന്ന് സംസ്ഥാനത്തെ വിദ്യാർത്ഥികളേയും ചെറുപ്പക്കാരേയും സംരക്ഷിക്കുന്നതിനായി വിപുലമായ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്. ഇതിനായി സംസ്ഥാനത്ത് രണ്ടായിരത്തിലധികം ജാഗ്രതാ സമിതികൾ രൂപീകരിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും ഹെൽപ് ലൈൻ നമ്പറുകളും ലഭ്യമാക്കി.

സംസ്ഥാനത്തെ എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളും കേന്ദ്രീകരിച്ച് രക്തദാനസേനകളും ഭക്ഷണവിതരണവും സജീവമാക്കാനും തീരുമാനിച്ചിട്ടുണ്ട്.