കാസർകോട്: വായന പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കാവ്യോത്സവം സംഘടിപ്പിച്ചു. വയലാർ, പി ഭാസ്‌കരൻ, ഒഎൻവി എന്നിവരുടെ കവിതകളെ അധികരിച്ച് നടത്തിയ കവിതാലാപന മത്സരം കാവ്യഭാവനയെ തൊട്ടുണർത്തിയ സർഗവസന്തമായി മാറി. ജില്ലാതല വായന പക്ഷാചരണ സംഘാടക സമിതിയുമായി സഹകരിച്ച് നടത്തിയ കാവ്യോത്സവം കവി ദിവാകരൻ വിഷ്ണുമംഗലം ഉദ്ഘാടനം ചെയ്തു. മാനുഷിക വികസനത്തിന് വായന സഹായിക്കുമെങ്കിൽ കവിതയിലൂടെ ജീവിത വെളിച്ചമാണ് ലഭിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. വയലാർ, പി ഭാസ്‌കരൻ, ഒഎൻവി എന്നീ കവികൾ ചലച്ചിത്രം, നവോത്ഥാനം, വിപ്ലവം എന്നിവയിലൂടെ സാമൂഹിക ജീവിതത്തിന്റെ വിവിധ മേഖലകളിലുമായി ഇടപെട്ടവരാണ്. പ്രപഞ്ചത്തിലെങ്ങും കവിത മാത്രമാണുള്ളത്. താളാത്മകമായാണ് പ്രപഞ്ചം ചലിച്ചു കൊണ്ടിരിക്കുന്നത്. താളഭംഗം സംഭവിക്കുമ്പോൾ വീണ്ടെടുപ്പിനായി ശക്തമായ ഇടപെടലുകൾ നടത്തുന്നവരാണ് കവികളെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ, അസി.എഡിറ്റർ പി.റഷീദ് ബാബു, അസി.ഇൻഫർമേഷൻ ഓഫീസർ ജോൺ സി ടി , ഹുസുർ ശിരസ്തദാർ കെ നാരായണൻ, ഫിനാൻസ് ഓഫീസർ കെ സതീശൻ,പി.എൻ പണിക്കർ ഫൗണ്ടേഷൻ പ്രതിനിധി കെ വി രാഘവൻ മാസ്റ്റർ, സി.സുകുമാരൻ കളക്ടറേറ്റ് അക്ഷരലൈബ്രറി പ്രസിഡന്റ് സതീശൻ പൊയ്യക്കോട് തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് നടന്ന കവിതാലാപന മത്സരത്തിൽ സർക്കാർ ജീവനക്കാരും സ്‌കൂൾകോളേജ് വിദ്യാർത്ഥികളുമടക്കം നിരവധി പേർ പങ്കെടുത്തു. കവികളായ പത്മനാഭൻ ബ്ലാത്തൂർ, സതീഷ് ഗോപി, പ്രസാദ് കരുവളം എന്നിവർ വിധികർത്താക്കളായി.

പടം .........
ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച കാവ്യോത്സവം കവി ദിവാകരൻ വിഷ്ണുമംഗലം ഉദ്ഘാടനം ചെയ്യുന്നു.