ചെറുവത്തൂർ: അലക്ഷ്യമായി വലിച്ചെറിയുന്ന പാഴ് വസ്തുക്കളിൽ നിന്ന് കമനീയമായ കരകൗശല ശിൽപ്പങ്ങൾ തീർത്ത് വിസ്മയം തീർക്കുകയാണ് ഒരദ്ധ്യാപകൻ. ചെറുവത്തൂർ വെങ്ങാട്ടെ ബിജു മോഹന്റെ 'ഹരിശ്രീ എന്ന വീടാണ് ഏവരേയും ഇത്തരം സൃഷ്ടികൾ കൊണ്ട് അതിശയിപ്പിക്കുന്നത്. കടലാസ് കൊണ്ടുള്ള നിലവിളക്ക് മുതൽ കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ വരെയുണ്ട് ഇവിടെ. നെരുവമ്പ്രം യു.പി സ്‌കൂൾ അദ്ധ്യാപകനായ ബിജു മോഹൻ ചെറുപ്പം മുതൽ കരകൗശല വസ്തുക്കളുടെ നിർമ്മാണത്തിൽ തത്പരനായിരുന്നു. ഭാര്യ സിജിയും കുട്ടമത്ത് ഹയർ സെക്കൻഡറി സ്‌കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ജഹ് നു മോഹനും ഇതേ വഴിയിൽ തന്നെ.
ഒഴിവു നേരങ്ങളിൽ മൂവരും ഒരുമിച്ചിരുന്നാൽ പത്രങ്ങൾ പാത്രങ്ങളാകും. മരത്തിന്റെ വേരുകൾ മനോഹര ശിൽപങ്ങളാകും. വൈക്കോൽ, പരുത്തി, വൂളൻ നൂല് ,സ് ട്രോ, ഐസ്‌ക്രീം സ്റ്റിക് എന്നുവേണ്ട കൈയിൽ കിട്ടിയതെന്തും ഇവർ ആകർഷകമായ രൂപങ്ങളാക്കി മാറ്റും. യു.പി വിഭാഗം വിദ്യാർത്ഥികൾക്ക് പഠനത്തിനാവശ്യമായ ഉപകരണങ്ങൾ നിർമ്മിച്ച് വീടിനകത്ത് ഒരു സയൻസ് ലാബും ബിജു മാസ്റ്റർ ഒരുക്കിയിട്ടുണ്ട്. വീടിനുള്ളിലെ പൂജാമുറി പോലും ഇവരുടെ കരവിരുതിൽ ഒരുക്കിയത് തന്നെ. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അദ്ധ്യാപക വിദ്യാർത്ഥികൾക്കുമെല്ലാം ബിജു മാസ്റ്റർ ശാസ്ത്ര പരീക്ഷണങ്ങൾ, പഠനോപകരണ നിർമ്മാണം, പേപ്പർ ബാഗ് നിർമ്മാണം, കരകൗശല വസ്തു നിർമ്മാണം എന്നിവയിൽ ക്ലാസുകൾ കൈകാര്യം ചെയ്തു വരുന്നു.
പടം :ബിജു മോഹനും കുടുംബവും അവർ നിർമ്മിച്ച കരകൗശല വസ്തുക്കൾക്കരികിൽ