തളിപ്പറമ്പ്:വ്യാജ ദിനേശ് ബീഡി നിർമ്മിച്ച് വിൽപ്പന നടത്തിയ സംഭവത്തിൽ അറസ്റ്റിലായ എരുവാട്ടി സ്വദേശിയും വായാട്ടുപറമ്പിലെ ഏത്തക്കാട്ട് ക്വാർട്ടേഴ്‌സിലെ താമസക്കാരനുമായ അലകനാൽ ഷാജി ജോസഫ് (38), ഇയാൾക്ക് വ്യാജബീഡി എത്തിച്ചു നൽകുന്ന പുതിയ തെരു അരയമ്പത്തെ കരിമ്പിൻ കര കെ. പ്രവീൺ (43) എന്നിവരെ തളിപ്പറമ്പ് കോടതി റിമാൻഡ് ചെയ്തു.
പയ്യന്നൂർ കുന്നരു സ്വദേശിയായ ഒരാളുടെ നേതൃത്വത്തിൽ പാലക്കാട് – തമിഴ് നാട് അതിർത്തിയിൽ വച്ച് വ്യാജബീഡി നിർമിക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് ഡിവൈ.എസ്.പിയുടെ നിർദ്ദേശപ്രകാരം തളിപ്പറമ്പ് പ്രിൻസിപ്പൽ എസ് ഐ കെ.പി.ഷൈൻ, ഡിവൈ.എസ്.പിയുടെ സ്‌ക്വാഡിലെ സുരേഷ് കക്കറ, കെ.വി.രമേശൻ, കെ.പ്രിയേഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും അറസ്റ്റിലായത് .പൊ
ലീസ് അറസ്റ്റ് ചെയ്ത ഷാജി ജോസഫിന് ദാദാഭായ്, ബംഗാളി, റയാൻ, പാൻ രാജ് എന്നീ ഇതര സംസ്ഥാന ബീഡികളുടെ മലയോരത്തെ വിപണന ഏജൻസിയുമുണ്ട്.
ഇവരിൽ നിന്ന് 12 പാക്കറ്റ് ബീഡിയും പിടിച്ചെടുത്തു.ചപ്പാരപ്പടവ്, ആലക്കോട്, നടുവിൽ, കരുവഞ്ചാൽ, ചെറുപുഴ, ചിറ്റാരിക്കാൽ, കമ്പല്ലൂർ, പാലാവയൽ പ്രദേശങ്ങളിൽ ദിനേശ് ബീഡിയുടെ വിൽപ്പന വലിയ തോതിൽ കുറഞ്ഞതോടെ മാർക്കറ്റിംഗ് വിഭാഗം ഇവിടങ്ങളിലെല്ലാം പരിശോധന നടത്തിയപ്പോഴാണ് വിവരങ്ങൾ ലഭിച്ചത്.ദിനേശ് ബീഡി കേന്ദ്ര സംഘം ഡയരക്ടർ എം.ദാസൻ ഡിവൈ. എസ്. പി ടി.കെ.രത്‌നകുമാറിനെ നേരിൽ കണ്ട് പരാതി നൽകുകയായിരുന്നു.