കണ്ണൂർ: സംസ്ഥാന സർക്കാരിന്റെ കാരുണ്യ ഇൻഷൂറൻസ് പദ്ധതി നടത്തിപ്പിലെ അവ്യക്തത മലബാർ കാൻസർ സെന്ററിലെത്തുന്ന നൂറുകണക്കിന് രോഗികളെ ആശങ്കയിലാക്കുന്നു. നേരത്തെ ചിസ്, സുകൃത് പദ്ധതികളിൽ പരിശോധനകൾ പൂർണമായും സൗജന്യമായിരുന്നിടത്ത് കാരുണ്യപദ്ധതി വന്നതോടെ എല്ലാ പരിശോധനകൾക്കും പാവപ്പെട്ടവരുൾപ്പടെ പണം നൽകണം. പണമുണ്ടെങ്കിൽ മാത്രമെ പരിശോധന നടത്തുള്ളൂ.
രോഗം സ്ഥിരീകരിച്ചാൽ ചിലപ്പോൾ കാരുണ്യയിൽ നിന്ന് എന്തെങ്കിലും കിട്ടിയേക്കും. അതും എപ്പോൾ കിട്ടുമെന്ന് നിശ്ചയമില്ല. സംസ്ഥാന സർക്കാരിന്റെ പുതുക്കിയ കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിൽ പ്രമുഖ ആരോഗ്യകേന്ദ്രങ്ങളും കടുത്ത ആശങ്കയിലാണ്.വളരെ കുറഞ്ഞ നിരക്കിലുള്ള ചികിത്സാ പാക്കേജുകളാണ് പദ്ധതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇത് തങ്ങൾക്ക് ഏറെ സാമ്പത്തിക ബാദ്ധ്യത വരുത്തുമെന്നാണ് മലബാർ കാൻസർ സെന്റർ ഉൾപ്പടെയുള്ള ആരോഗ്യ കേന്ദ്രങ്ങൾ അറിയിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ സാധാരണക്കാരന് ഇതിന്റെ ഫലം കിട്ടാതാകുകയാണ്. ഇതിനിടെ മലബാർ കാൻസർ സെന്ററിലെത്തുന്ന രോഗികൾ സൗജന്യചികിത്സയില്ലാതെ വലയുകയാണെന്നും സർക്കാർ ഇടപെടണമെന്നും വൈകിയാൽ തിരുത്താൻ കഴിയില്ലെന്നുമുള്ള സി.പി.ഐ നേതാവിന്റെ ഫേസ് ബുക്ക് പോസ്റ്റും വിവാദമായിരിക്കയാണ്.
പുതുക്കിയ കാരുണ്യ പദ്ധതിയിൽ ഓരോപാക്കേജിലും ഉൾപ്പെടുത്തിയിരിക്കുന്ന പദ്ധതികൾ ചികിത്സാ ചെലവുമായി യാതൊരു തരത്തിലും ഒത്തുപോകാത്തവയാണെന്നാണ് ആശുപത്രികൾ വിശദീകരിക്കുന്നത്. ഇത് സംബന്ധിച്ച ആശങ്കകൾ പരിശോധിക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നടപടികൾ ഇഴയുകയാണ്.
മരുന്ന് തുക പോലും കിട്ടില്ല
കാരുണ്യ പദ്ധതി മുഖേന നിശ്ചയിച്ച നിരക്കുകൾ പ്രകാരം രോഗിക്കു നൽകുന്ന മരുന്നിന്റെ തുക പോലും കണ്ടെത്താനാകില്ലെന്ന ആശങ്കയാണ് മലബാർ കാൻസർ സെന്റർ പങ്കുവച്ചത്. കാരുണ്യ ആരോഗ്യപദ്ധതി പുതിയ രൂപത്തിൽ ഇതുവരെയും പൂർണമായി നടപ്പിലാക്കാൻ ആരംഭിച്ചിട്ടില്ല. കേന്ദ്രസർക്കാരിന്റെ ആരോഗ്യസുരക്ഷാ പദ്ധതിയായ ആയുഷ്മാൻ ഭാരത്, സംസ്ഥാന സർക്കാരിന്റെ കാരുണ്യ ബെനവലന്റ് ഫണ്ട്, ചിസ്, ചിസ് പ്‌ളസ് തുടങ്ങിയ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികളെയെല്ലാം കൂട്ടിയിണക്കിയാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി തയ്യാറാക്കിയത്. ശസ്ത്രക്രിയാ പാക്കേജുകൾ ഉൾപ്പെടെ 1,824 പദ്ധതികൾക്കാണ് ആരോഗ്യവകുപ്പ് അനുമതി നൽകിയത്. റിലയൻസ് ജനറൽ ഇൻഷ്വറൻസിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല.
മലബാർ കാൻസർ സെന്ററിന് കിട്ടാനുള്ളത് 30 കോടി :
സമഗ്ര ഇൻഷ്വറൻസ് പദ്ധതിയുടെ ഭാഗമായി നടത്തിയ ചികിത്സയ്ക്ക് മലബാർ കാൻസർ സെന്ററിന് 300 കോടി രൂപയാണ് ഇൻഷ്വറൻസ് കമ്പനികൾ നൽകാനുള്ള കുടിശിക . മലബാർ കാൻസർ സെന്ററിൽ അവിടെ നിന്നുള്ള ഫണ്ട് ഉപയോഗിച്ചാണ് അത്യാവശ്യ മരുന്നുകളും മറ്റു ഉപകരണങ്ങളും വാങ്ങുന്നത്.സാധാരണക്കാർക്ക് ചികിത്സാ സഹായമെത്തിക്കുന്ന ഇൻഷ്വറൻസ് പദ്ധതിയായ രാഷ്ട്രീയ സ്വാസ്ഥ്യ ബീമാ യോജന പ്രകാരമാണ് കൂടുതൽ തുക കിട്ടാനുള്ളത്. സർക്കാരിന്റെ തന്നെ കാരുണ്യം, സുകൃതം, ഹൃദ്യം പദ്ധതികളിലും കുടിശികയുണ്ട്.