ആന്തൂർ (കണ്ണൂർ): ആന്തൂർ നഗരസഭാ ചെയർപേഴ്‌സൺ പി.കെ. ശ്യാമളയ്ക്കും സി.പി.എമ്മിനുമെതിരായ വൈസ് ചെയർമാൻ കെ. ഷാജുവിന്റെ ഫേസ് ബുക്ക് പോസ്റ്റ് വിവാദമായി. 'തെറ്റ് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാൽ അത് തിരുത്തണം. അല്ലാതെ വാദിക്കാനോ ജയിക്കാനോ നിൽക്കരുത്. അത് ഞാനായാലും ….എന്ന വാക്കുകൾ ഫേസ് ബുക്ക് പ്രൊഫൈൽ ചിത്രമാക്കിയാണ് ആദ്യ പ്രതികരണം അറിയിച്ചത്. എന്നാൽ മണിക്കൂറുകൾക്കകം ഷാജു പോസ്റ്റ് പിൻവലിച്ചു.
ബക്കളം പാർത്ഥ കൺവെൻഷൻ സെന്റർ ഉടമ സാജന്റെ മരണത്തെ തുടർന്ന് ഉണ്ടായ വിവാദത്തിൽ നഗരസഭ ആടിയുലഞ്ഞപ്പോഴും പ്രതികരിക്കാതെ ഒഴിഞ്ഞുനിൽക്കുകയായിരുന്നു ഷാജു. മരണത്തിന്റെ ഉത്തരവാദിത്വം ശ്യാമളയിൽ ആരോപിക്കപ്പെടുകയും സി.പി.എമ്മിലെ ഭൂരിപക്ഷം പേരും പരസ്യ വിമർശനവുമായി രംഗത്തുവരികയും ചെയ്തപ്പോഴും ഷാജു പ്രതികരിച്ചിരുന്നില്ല. ചെയർപേഴ്സൺ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽനിന്നു വിട്ടുനിന്നു.
ഫേസ് ബുക്കിൽ ഷാജുവിന്റെ അഭിപ്രായത്തിന് അഭിവാദ്യമർപ്പിച്ച് നിരവധി പേരാണ് കമന്റിട്ടത്. തളിപ്പറമ്പ് ഏരിയാ കമ്മിറ്റി മെമ്പറും നഗരസഭാ കൗൺസിലറുമായ കോമത്ത് മുരളീധരൻ ഉൾപ്പെടെയുള്ളവർ അനുകൂല കമന്റ് രേഖപ്പെടുത്തി. ഉയരാത്ത കൈയും പറയാത്ത നാവും അടിമത്തത്തിന്റേതാണ്. വ്യക്തികൾക്കല്ല, പ്രസ്ഥാനത്തിനാണ് പ്രാധാന്യം എന്നും ചിലർ കുറിക്കുമ്പോൾ ആരെ ഉദ്ദേശിച്ചാണെന്ന് തുറന്നുപറയാൻ ധൈര്യമുണ്ടോയെന്ന് ചോദിക്കുന്നവരും ഉണ്ട്. വിഷയത്തിൽ ഇടപെട്ട് പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവും ശ്യാമളയുടെ ഭർത്താവുമായ എം.വി. ഗോവിന്ദൻ മന്ത്രിയെ വിളിച്ചത് എന്തിനാണെന്ന് വെളിപ്പെടുത്തണമെന്ന് ജയിംസ് മാത്യു എം.എൽ.എ ആവശ്യപ്പെട്ടതായുള്ള വാർത്ത പുറത്തുവന്നതിനു പിന്നാലെയാണ് ഷാജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്നത്.