നീളം 430 മീറ്റർ

വേണ്ടുന്നത് 120 സെന്റ് ഭൂമി

കാഞ്ഞങ്ങാട്: കുശാൽ നഗർ റെയിൽവെ മേൽപ്പാലത്തിന് 36 കോടി രൂപയുടെ ഡ്രാഫ്റ്റ് ഡി.പി.ആർ തയ്യാറായതായി റവന്യൂ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കമ്പനിക്കാണ് മേൽപ്പാലം നിർമ്മാണ ചുമതല. 430 മീറ്റർ നീളത്തിലാണ് മേൽപ്പാലം പണിയുന്നത്. ഇതിനായി 120 സെന്റ് ഭൂമി ആവശ്യമായി വരും. ഏറ്റെടുക്കേണ്ടുന്ന ഭൂമിയിലേറെയും പുറമ്പോക്കായതിനാൽ സാങ്കേതിക പ്രശ്‌നങ്ങളൊന്നും തന്നെ ഉണ്ടാകാനിടയില്ല.

കാഞ്ഞങ്ങാട്ടെ തീരദേശ മേഖലയിൽ ഗതാഗത തടസങ്ങളൊഴിവാക്കുന്ന പ്രവർത്തിയാണ് കുശാൽ നഗർ മേൽപ്പാല പ്രവർത്തിയിലൂടെ യാഥാർത്ഥ്യമാവുക. 2013ലാണ് മേൽപാലം വേണമെന്നാവശ്യം ശക്തമായത്. ഇതേ തുടർന്ന് സ്ഥലം എം.എൽ.എ ആയിരുന്ന ഇ. ചന്ദ്രശേഖരൻ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയായിരുന്നു. 2014ൽ കേന്ദ്ര സർക്കാർ പാലത്തിനായി പത്തുലക്ഷം രൂപ അനുവദിച്ചു. 2015ൽ കേന്ദ്ര സർക്കാർ പാലത്തിന്റെ നിർമാണത്തിനായി 39.44 കോടി അനുവദിച്ചു. പിന്നീട് കേന്ദ്രസംസ്ഥാന സർക്കാരുകൾ മേൽപാല നിർമാണത്തിനായി തുല്യമായ വിഹിതം വഹിക്കണമെന്ന വ്യവസ്ഥ വന്നതോടെ പദ്ധതിയുടെ ഡി.പി.ആർ പ്രവർത്തനങ്ങൾക്ക് കാലതാമസം വന്നിരുന്നു.

മേൽപ്പാലം വന്നാൽ

നഗരസഭയിലെ തീരദേശ മേഖലയായ കുശാൽനഗർ, കല്ലൂരാവി, ഹോസദുർഗ് കടപ്പുറം, പുഞ്ചാവി കടപ്പുറം, ഒഴിഞ്ഞവളപ്പ് തുടങ്ങിയ പത്തൊമ്പത് തീരദേശ വാർഡുകൾക്ക് കുശാൽ നഗർ മേൽപ്പാലം യാഥാർത്ഥ്യമായാൽ ഗുണമായി മാറും. കൂടാതെ നീലേശ്വരം നഗരസഭയിലെ അഴിത്തല, തൈക്കടപ്പുറം, കണിച്ചിറ, കടിഞ്ഞിമൂല പ്രദേശങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനും ഇതുവഴി കഴിയും. സർവ്വേ നടപടികൾ ആരംഭിച്ചതോടെ തീരദേശ വാസികളും കർമ്മസമിതിയംഗങ്ങളും ആഹ്ലാദത്തിലാണ്.

കാഞ്ഞങ്ങാട് ടൗൺ സ്‌ക്വയർ വരുന്നു

56 സെന്റ് ഭൂമി കൈമാറും
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരഹൃദയ ഭാഗത്ത് ടൗൺ സ്‌ക്വയർ വരുന്നു. പഴയ പൊലീസ് ക്വാർട്ടേഴ്‌സ് ഉണ്ടായിരുന്ന പുതിയ കോട്ടയിലെ 56 സെന്റ് റവന്യൂ ഭുമി ഇതിനായി ടൂറിസം വകുപ്പിന് കൈമാറാൻ കാബിനറ്റ് യോഗത്തിൽ ധാരണയായി.

7.75 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. വികലാംഗ സൗഹൃദ പദ്ധതി കൂടിയാണിത്. ടൗൺ സ്‌ക്വയർ 1.53 ഹെക്ടർ സ്ഥലത്ത് വ്യാപിച്ചു കിടക്കും. വിശാലമായ പവലിയൻ, സ്റ്റേജ്, സിറ്റിംഗ് ഏരിയ, പെയിന്റിംഗ്സ്, സ്‌കൾ പച്ചർ, ഗെയിമിംഗ് സോൺ, എക്‌സിബിഷൻ ഏരിയ, പാർക്കിംഗ് ഏരിയ, റെയിൻ പവലിയൻ, പുരുഷ, വനിത ടോയ്‌ലറ്റ് തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളോടുകൂടിയാണ് ടൗൺ സ്‌ക്വയർ യാഥാർത്ഥ്യമാകുന്നത്. ടി.ബി റോഡ് ജംഗ്ഷനും ഹോസ്ദുർഗും ചേർന്നതാണ് നിർദ്ദിഷ്ട ടൗൺ സ്‌ക്വയർ.

ട്രോളിംഗ് കോഴിമുട്ടയ്ക്കും വിലകൂടുന്നു.
കാഞ്ഞങ്ങാട്: ട്രോളിംഗ് നിരോധനത്തെ തുടർന്ന് മത്സ്യങ്ങൾക്ക് തീ വിലയായതോടെ കോഴിമുട്ടയ്ക്കും വില കുതിച്ചുയരുന്നു. അഞ്ചു രൂപയാണ് നിലവിലെ മൊത്തവില. കടകളിൽ 6 രൂപ മുതൽ 8 രൂപ വരെയാണ് ചില്ലറ വില. പൊതുമാർക്കറ്റിൽ രണ്ടാഴ്ച മുമ്പുവരെ ഒരു മുട്ടയ്ക്ക് 3.60 രൂപയായിരുന്നു. തമിഴ്‌നാട്ടിൽ നിന്നുമാണ് മുട്ട മാർക്കറ്റിൽ എത്തുന്നത്. താറാവ് മുട്ടയ്ക്കും വില കൂടിയിട്ടുണ്ട് ഒരു മുട്ടയ്ക്ക് 8 രൂപ വരെയാണ് വില. കോഴിയിറച്ചിക്കും ഡിമാന്റ് വർധിച്ചിട്ടുണ്ട്. 90 രൂപയുണ്ടായിരുന്ന കോഴിയിറച്ചിക്ക് കിലോവിന് 130 രൂപയായി. ഉണക്ക മത്സ്യങ്ങൾക്കും വില കുതിച്ചുയരുന്നു .തിരണ്ടി കിലോവിന് 450 രൂപയും. അയല കിലോവിന് 325 രൂപയും മുള്ളന് 400 രൂപയുമാണ് വില.