കണ്ണർ: ജില്ലയിലെ നോഡൽ ഐ.ടി.ഐയായ തോട്ടടയിലെ കണ്ണൂർ ഐ.ടി.ഐ, വനിത ഐ.ടി.ഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നു. ഇതിനായി 13 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. നാലു കോടി രൂപയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് അടുത്തമാസം തുടക്കം കുറിക്കുമെന്ന് പ്രിൻസിപ്പൽ കെ. പ്രസന്ന വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലെ ഒമ്പത് ഐ.ടി.ഐകളും ഇതോടൊപ്പം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നുണ്ട്. പദ്ധതിയിൽ ക്ലാസ് മുറികൾ ഹൈടെക്കാക്കി മാറ്റും.
അത്യാധുനിക രീതിയിലുള്ള പഠന സംവിധാനങ്ങളും മെഷീൻസുകളും ഏർപ്പെടുത്തും. തോട്ടട ഐ.ടി.ഐയിൽ 21 വ്യത്യസ്ത ട്രേഡുകളിലായി 61 ബാച്ചുകളാണുള്ളത്. വനിത െഎ.ടി.ഐയിൽ അഞ്ചു ട്രേഡുകളാണ് ഉള്ളത്. തോട്ടട ഐ.ടി.ഐയിൽ 720 ഒഴിവുകളിലേക്കാണ് പ്രവേശനം നടത്തുന്നത്.
ദ്വിവത്സര കോഴ്‌സുകളിലേയും ഏകവത്സര കോഴ്‌സുകളിലേയും കൂടി ആകെ 1200ഓളം ട്രെയിനികൾക്ക് പരിശീലനം നൽകുന്നുണ്ട്. കുടാതെ ഐ.എം.സിയുടെ കീഴിൽ വിവിധ ഹൃസ്വകാല കോഴ്‌സുകളും നടത്തിവരുന്നുണ്ട്. ട്രെയിനികൾക്കും മറ്റുള്ളവർക്കും പഠിക്കാൻ കഴിയുന്ന രീതിയിൽ ഒരു ഡ്രൈവിംഗ് സ്‌കൂളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. വനിത ഐ.ടി.ഐയിൽ 188 സീറ്റുകളിലുമാണ് പ്രവേശനം നൽകുന്നത്.
ഐ.ടി.ഐ കോഴ്‌സ് കഴിഞ്ഞ ട്രെയിനികൾക്ക് പോളിടെക്‌നിക്കിലേക്ക് പ്രവേശനത്തിന് മുൻഗണനയും ലാറ്ററൽ എൻട്രി പ്രവേശനവും അനുവദിച്ചിട്ടുണ്ട്. ഈ വർഷം ഏകദേശം 525 ട്രെയിനികൾക്ക് കാമ്പസ് ഇന്റർവ്യു വഴി ജോലി കിട്ടിയിട്ടുണ്ട്. വനിത ഐ.ടി.ഐയിൽ മുപ്പതോളം കുട്ടികൾക്കും വിവിധ കമ്പനികളിലേക്ക് സെലക്ഷൻ കിട്ടിയിട്ടുണ്ട്.
എസ്.എസ്.ടി വിഭാഗത്തിലെ സംവരണ സീറ്റുകളിലേക്ക് വേണ്ടത്ര വിദ്യാർഥികളെ കിട്ടുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നമെന്ന് പ്രിൻസിപ്പൽ പറഞ്ഞു. ഇത് പരിഹരിക്കാൻ ഈ വിഭാഗത്തിൽ കുട്ടികളെ കണ്ടെത്തി കൊണ്ടു വരുന്നതിന് ആദിവാസി മേഖലയിലെ പ്രമോട്ടർമാരുടെ സഹായം തേടിയതായും അവർ വ്യക്തമാക്കി. വാർത്ത സമ്മേളനത്തിൽ പി.അശോകൻ, മുഹമ്മദ് അഷറഫ്, കെ. സുഗേഷ്, എം.പി. പ്രകാശ് കുമാർ, കെ. പവിത്രൻ എന്നിവരും സംബന്ധിച്ചു.